Pakistan vs England Test Series: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാണ് പാക്കിസ്ഥാന്‍ വിജയിച്ചത്. റാവല്‍പിണ്ടിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ആദ്യ ടെസ്റ്റ് മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനു ശേഷം തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളും ജയിച്ചാണ് പാക്കിസ്ഥാന്റെ പരമ്പര നേട്ടം.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 3.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒന്നാം ഇന്നിങ്‌സില്‍ 77 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 112 ന് ഓള്‍ഔട്ട് ആക്കി. നൊമാന്‍ അലി ആറ് വിക്കറ്റും സജിദ് ഖാന്‍ നാല് വിക്കറ്റും വീഴ്ത്തി. 33 റണ്‍സെടുത്ത ജോ റൂട്ട് ആണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
സ്‌കോര്‍ കാര്‍ഡ്
ഒന്നാം ഇന്നിങ്‌സ്
ഇംഗ്ലണ്ട് - 267/10
പാക്കിസ്ഥാന്‍ - 344/10
രണ്ടാം ഇന്നിങ്‌സ്
ഇംഗ്ലണ്ട് - 112/10
പാക്കിസ്ഥാന്‍ - 37/1
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി തോറ്റ ശേഷം പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കുന്ന രണ്ടാമത്തെ സീരിസ് ആണിത്. 1995 ല്‍ സിംബാബ്വെയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്‍ ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2015 നു ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. മാത്രമല്ല 2021 നു ശേഷം പാക്കിസ്ഥാന്‍ നാട്ടില്‍ ജയിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇത്.
ഒന്നാം ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ആതിഥേയരുടെ തോല്‍വി. രണ്ടാം മത്സരത്തില്‍ 152 റണ്‍സിനു ജയിച്ച് പാക്കിസ്ഥാന്‍ പരമ്പര സമനിലയില്‍ ആക്കുകയായിരുന്നു.