Pak vs Eng Test: മുൾട്ടാൻ ഹൈവേയിൽ പോലും തോൽവി, ഈ പാക് ടീമിൽ ഒരു പ്രതീക്ഷയും വേണ്ട, ഇനി ചടങ്ങുകൾ മാത്രം, തെക്കോട്ട് എടുക്കാരായെന്ന് ട്രോളുകൾ

അഭിറാം മനോഹർ

വെള്ളി, 11 ഒക്‌ടോബര്‍ 2024 (12:54 IST)
pakistan test team
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി പാക് ടീം. ടെസ്റ്റ് തോല്‍വി ഒഴിവാക്കാനായി മുള്‍ട്ടാനിലെ ബാറ്റിംഗ് പിച്ചില്‍ മത്സരം നടത്തിയിട്ട് കൂടി സമനില പോലും നേടാന്‍ പാക് ബാറ്റര്‍മാര്‍ക്ക് സാധിക്കുന്നില്ല എന്നത് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നിലവാരത്തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.
 
 മികച്ച പേസര്‍മാര്‍ ഉണ്ടായിട്ട് പോലും ടെസ്റ്റ് മത്സരങ്ങള്‍ക്ക് പാകിസ്ഥാന്‍ ഒരുക്കുന്നത് ബാറ്റിംഗ് പിച്ചുകളാണ്. പിഎസ്എല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളെല്ലാം റണ്‍സൊഴുകുന്ന പിച്ചുകളിലാണ് കളിക്കുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തുന്ന പാക് ബാറ്റര്‍മാര്‍ വിദേശ ബൗളര്‍മാര്‍ക്കെതിരെ പുറത്ത് കളിക്കുവാന്‍ കഷ്ടപ്പെടുന്ന കാഴ്ച ഇപ്പോള്‍ പതിവാണ്. പാകിസ്ഥാനകത്ത് പോലും പേസര്‍മാരെ കളിക്കുന്നതില്‍ പാക് ബാറ്റര്‍മാര്‍ പരാജയമാകുന്നു. അതേസമയം പേസ് ബൗളിംഗിനെ പിന്തുണയ്ക്കാത്ത പിച്ചുകളാണ് പാകിസ്ഥാന്‍ ഒരുക്കുന്നത് എന്നതിനാല്‍ ബൗളര്‍മാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
 
 ജോലിഭാരം ഏറിയ പങ്കും ഏറ്റെടുക്കുന്ന നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവര്‍ തുടര്‍ച്ചയായി 140 കിമീ വേഗത പോലും നേടാനാവതെ കഷ്ടപ്പെടുന്ന കാഴ്ച ഇപ്പോള്‍ പതിവാണ്. ഫീൽഡിങ്ങിലും കോമഡി പീസായി മാറിയ പാകിസ്ഥാനെ ഇനി തെക്കോട്ടേക്ക് എടുക്കാന്‍ മാത്രമെ ബാക്കിയുള്ളുവെന്നും അമേരിക്ക പോലും ഇനിയും പാകിസ്ഥാനെ തോല്‍പ്പിക്കുമെന്ന് ഉറപ്പാണെന്നും മുന്‍ പാക് താരങ്ങള്‍ പോലും പറയുന്നു.
 
 പാകിസ്ഥാന്റെ ക്രിക്കറ്റ് സംവിധാനത്തെയാകെ ഉടച്ചുവാര്‍ത്തില്ലെങ്കില്‍ നിലവിലെ സ്ഥിതിയില്‍ നിന്നും മുന്നോട്ട് പോകാനാവില്ലെന്നും ഫിറ്റ്‌നസിലടക്കം നിരവധി കാര്യങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആരാധകര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍