310 പന്തില്‍ ബ്രൂക്കിന്റെ ട്രിപ്പിള്‍ കണ്ട് ഞെട്ടിയോ ?, എന്നാല്‍ അതെല്ലാം ചെറുത് സെവാഗെന്ന് കേട്ടിട്ടുണ്ടോ?

അഭിറാം മനോഹർ

വെള്ളി, 11 ഒക്‌ടോബര്‍ 2024 (11:51 IST)
Harry Brook, Sehwag
പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടമാണ് ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്ക് കുറിച്ചത്. 310 പന്തില്‍ 28 ബൗണ്ടറികളുടെയും 3 സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു ബ്രൂക്കിന്റെ പ്രകടനം. ടെസ്റ്റ് ക്രിക്കറ്റിലെ ഏകദിനശൈലിയിലുള്ള ബ്രൂക്കിന്റെ ഈ പ്രകടനം കണ്ട് ഞെട്ടിയവരാണ് നിങ്ങളെങ്കില്‍ ബാസ്‌ബോളും ആക്രമണശൈലിയിലുള്ള ടെസ്റ്റ് മത്സരങ്ങളും അത്ര സാധാരണമല്ലാത്ത കാലഘട്ടത്തില്‍ 278 പന്തില്‍ നിന്നും 300 നേടിയ വിരേന്ദര്‍ സെവാഗിന്റെ റെയ്‌ഞ്ചെന്തെന്ന് ആലോചിച്ചിട്ടുണ്ടോ?
 
ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി കളം നിറഞ്ഞിരുന്ന സെവാഗ് ടെസ്റ്റ് ക്രിക്കറ്റില്‍ പൂര്‍ണമായും പരാജയപ്പെടുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ഒന്നടങ്കം വിധിയെഴുതിയത്. ഫൂട്ട് മൂവ്‌മെന്റുകള്‍ കാര്യമായി ഇല്ലാത്തെ സെവാഗ് ടെസ്റ്റ് ഫോര്‍മാറ്റില്‍ എങ്ങനെ തിളങ്ങുമെന്ന് അതിശയിച്ചവരെ കുറ്റം പറയാനുമാകില്ല. എന്നാല്‍ തനിക്ക് ലഭിച്ച വരദാനമായ മികച്ച ഐ- ഹാന്‍ഡ് കോര്‍ഡിനേഷനും ഏത് ബൗളറെയും വിലവെയ്ക്കാത്ത മനോധൈര്യവും മാത്രം മതിയായിരുന്നു ടെസ്റ്റില്‍ സെവാഗിന് ചരിത്രം രചിക്കുവാന്‍.
 
 ടെസ്റ്റ് ക്രിക്കറ്റിലെ ഡാഡി ഹണ്‍ഡ്രഡുകള്‍ സെവാഗ് ശീലമാക്കിയപ്പോള്‍ പല റെക്കോര്‍ഡുകളാണ് സെവാഗ് ടെസ്റ്റ് ഫോര്‍മാറ്റില്‍ രചിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടമായിരുന്നു.2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സെവാഗിന്റെ റെക്കോര്‍ഡ് പ്രകടനം. അതിന് മുന്‍പ് പാകിസ്ഥാനെതിരെ 2004ല്‍ 375 പന്തില്‍ 309 റണ്‍സെന്ന പ്രകടനവും സെവാഗ് നടത്തിയിരുന്നു. 2006ല്‍ പാകിസ്ഥാനെതിരെ 247 പന്തില്‍ 254 റണ്‍സുമായി തിളങ്ങിയെങ്കിലും 300 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ സെവാഗിനായില്ല.
 
 2009ലും 300 റണ്‍സിന് അടുത്തെത്തിയെങ്കിലും സെവാഗിന് ട്രിപ്പിള്‍ സെഞ്ചുറി തികയ്ക്കാനായില്ല. ശ്രീലങ്കക്കെതിരെയായിരുന്നു സെവാഗിന്റെ വെടിക്കെട്ട് പ്രകടനം. 254 പന്തിലാണ് അന്ന് സെവാഗ് പുറത്തായത്. അന്ന് പുറത്തായില്ലായിരുന്നുവെങ്കില്‍ 278 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി എന്ന തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിയെഴുതാന്‍ സെവാഗിനാകുമായിരുന്നു. ഇന്ന് ബാസ്‌ബോള്‍ കാലത്ത് എല്ലാവരും തകര്‍ത്തടിക്കുമ്പോള്‍ ടെസ്റ്റില്‍ ഇതിനെല്ലാം തുടക്കമിട്ട സെവാഗിന് മുട്ടിനൊപ്പം എത്താന്‍ പോലും പുതിയ താരങ്ങള്‍ക്കാകുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍