Pakistan: ഏകദിന ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്തേക്ക്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെയാണ് പാക്കിസ്ഥാന്റെ വഴികള്‍ അടഞ്ഞത്. വന്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ സാധിക്കൂ. ഇംഗ്ലണ്ടിനെതിരായ മത്സരമാണ് ലീഗ് ഘട്ടത്തില്‍ പാക്കിസ്ഥാന് ശേഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ സാധാരണ ഒരു ജയം നേടിയതുകൊണ്ട് മാത്രം ഇനി പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ സാധിക്കില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 277 റണ്‍സിനെങ്കിലും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണം. ഉദാഹരണത്തിനു പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 350 റണ്‍സ് എടുക്കുകയാണെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിനെ 83 റണ്‍സിന് ഓള്‍ഔട്ട് ആക്കണം. അതല്ല പാക്കിസ്ഥാന്‍ രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിനെ 50 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയും വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയും വേണം. ഈ സാധ്യത മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇനിയുള്ളത്.
ഒന്‍പത് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ 10 പോയിന്റുമായി നാലാം സ്ഥാനത്താണ് കിവീസ് ഇപ്പോള്‍. പാക്കിസ്ഥാന് എട്ട് കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുണ്ട്. +0.922 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. പാക്കിസ്ഥാന്റേത് +0.036 മാത്രമാണ്. നെറ്റ് റണ്‍റേറ്റിലെ വന്‍ വ്യത്യാസമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.