New Zealand vs Sri Lanka ODI World Cup Match: സെമി ബെര്‍ത്ത് ഉറപ്പിച്ച് കിവീസ്, ശ്രീലങ്കയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമായേക്കും !

വ്യാഴം, 9 നവം‌ബര്‍ 2023 (19:42 IST)
New Zealand vs Sri Lanka ODI World Cup: നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 46.4 ഓവറില്‍ 171 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ കിവീസ് വെറും 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് ജയത്തോടെ പത്ത് പോയിന്റ് സഹിതം നാലാം സ്ഥാനത്താണ് ന്യൂസിലന്‍ഡ് ഇപ്പോള്‍. എട്ട് പോയിന്റുമായി യഥാക്രമം അഞ്ചും ആറും സ്ഥാനത്തുള്ള പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇനി കിവീസിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുക പ്രയാസകരമാണ്. 
 
ഡെവന്‍ കോണ്‍വെ (42 പന്തില്‍ 45), രചിന്‍ രവീന്ദ്ര (34 പന്തില്‍ 42), ഡാരില്‍ മിച്ചല്‍ (31 പന്തില്‍ 43) എന്നിവരുടെ ഇന്നിങ്‌സുകളാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്. 
 
കിവീസ് ബൗളിങ് നിരയ്ക്ക് മുന്നില്‍ ലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. കുശാല്‍ പേരേര 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പൊരുതി നോക്കി. വാലറ്റത്ത് മഹീഷ് തീക്ഷണ (91 പന്തില്‍ പുറത്താകാതെ 38) പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീലങ്കന്‍ ടോട്ടല്‍ 200 ലേക്ക് എത്തിയില്ല. കിവീസിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍