അമേരിക്കയോടല്ല, ഇന്ത്യയുടെ ബി ടീമിനോടാണ് റിസ്വാനും ബാബറും ഷഹീനും ആമിറുമെല്ലം തോറ്റത്.

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (13:05 IST)
Pak Team, Wordcup
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കുഞ്ഞന്മാരായ അമേരിക്കയോട് പരാജയം രുചിച്ച് പാകിസ്ഥാന്‍. സൂപ്പര്‍ ഓവറിലാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ കൂടിയായ ശക്തമായ പാക് നിരയെ യുഎസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റിന് 159 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസും നിശ്ചിത ഓവറില്‍ ഇതേ സ്‌കോറിലെത്തിയതിനെ തുടര്‍ന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.
 
 സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 13 റണ്‍സേ നേടാനായുള്ളു. പാകിസ്ഥാനെതിരായ വിജയത്തോടെ അമേരിക്ക വാര്‍ത്തകളില്‍ നിറയുമ്പോള്‍ അമേരിക്കന്‍ ടീമിലെ 5 പേര്‍ ഇന്ത്യന്‍ താരങ്ങളാണ് എന്നതാണ് എടുത്തുപറയേണ്ടത്. ഇതോടെ ഇന്ത്യയുടെ ബി ടീമുമായാണ് ബാബറും,റിസ്വാനും, ഷഹീനുമെല്ലാം പരാജയപ്പെട്ടതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അമേരിക്കന്‍ നായകനും വിക്കറ്റ് കീപ്പറുമായി മൊനാക് പട്ടേല്‍ ഗുജറാത്ത് അണ്ടര്‍ 16,18 ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2019ലാണ് മൊനാക് അമേരിക്കന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്.
 
 മൊനാകിനെ കൂടാതെ അമേരിക്കന്‍ പേസര്‍ ഹര്‍മീത് സിങ്ങും ഇന്ത്യക്കാരനാണ്. 2012ല്‍ ലോകകപ്പ് നേടിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു ഹര്‍മീത് സിങ്. ടീമിലെ ഇടം കൈയ്യന്‍ സ്പിന്നറായ നിസാര്‍ഗ് ഗുജറാത്ത് കാരനാണ്. പാകിസ്ഥാനെതിരെ കളിച്ചില്ലെങ്കിലും മിലിന്‍ഡ് കുമാര്‍ എന്ന ബാറ്ററും യുഎസ് ടീമിനൊപ്പമുണ്ട്. ഇവരെ കൂടാതെ പാകിസ്ഥാനെതിരെ യുഎസ് ഹീറോയായ ബൗളര്‍ സൗരഭ് നേത്രാവല്‍ക്കറും ഇന്ത്യന്‍ താരമാണ്. സൂപ്പര്‍ ഓവറില്‍ പാക് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത് മുംബൈക്കാരനായ നേത്രാവല്‍ക്കറായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ കെ എല്‍ രാഹുലിന്റെ സഹതാരം കൂടിയയൈരുന്നു നേത്രാവല്‍ക്കര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍