ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂര്‍ണമെന്റായ ദ ഹണ്ട്രഡ് ഡ്രാഫ്റ്റില്‍ പാകിസ്ഥാന്‍ താരങ്ങളെ വാങ്ങാന്‍ ആളില്ല. 50 പാക് താരങ്ങളാണ് പുരുഷ, വനിതാ ടൂര്‍ണമെന്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. 45 പുരുഷതാരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിനായുള്ള ഡ്രാഫ്റ്റില്‍ വന്നെങ്കിലും ഒരു ടീമും ഇവരെ വാങ്ങാന്‍ തയ്യാറായില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയപ്രകടനത്തിന് പിന്നാലെയാണ് ദ ഹണ്ട്രഡില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരങ്ങളടക്കം നാണംകെട്ടത്.
പാകിസ്ഥാന്‍ സീനിയര്‍ ടീമിലെ താരങ്ങളായ ഇമാദ് വസീം, സയിം അയൂബ്, ഷദബ് ഖാന്‍, ഹസന്‍ അലി,നസീം ഷാ തുടങ്ങിയ താരങ്ങളെല്ലാം ഹണ്ട്രഡ് ലീഗിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. വനിതാ താരങ്ങളില്‍ ആലിയ റിയാസ്, ഫാത്തിമ സന, യുസ്ര ആമിര്‍, ഇറം ജാവേദ്, ജവരിയ റൗഫ് എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല. ഈ വര്‍ഷം ഹണ്ട്രഡ് ലീഗിലെ എട്ട് ടീമുകളില്‍ നാലും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കയ്യിലാണ്. ഇതും ലീഗില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.