ഇന്ത്യന്‍ ടീമിനെ സീനിയര്‍ താരമെന്ന നിലയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോലിയെ ചുറ്റിപറ്റി വിരമിക്കല്‍ ഗോസിപ്പുകളും വരാറുണ്ട്. 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ കോലിയും രോഹിത്തും കരിയര്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. വിരമിക്കലിനെ പറ്റി യാതൊരു പ്രതികരണവും നല്‍കിയിട്ടില്ലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികകാലം ഉണ്ടാകില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി.
ഇക്കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പര ഓസ്‌ട്രേലിയയിലെ തന്റെ അവസാന ടെസ്റ്റ് പരമ്പരയായേക്കുമെന്നാണ് ആര്‍സിബിക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറയുന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു സെഞ്ചുറി സ്വന്തമാക്കാന്‍ സാധിച്ചിട്ട് പോലും അഞ്ച് ടെസ്റ്റില്‍ കളിച്ച 9 ഇന്നിങ്ങ്‌സുകളില്‍ നിന്നും 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമായിരുന്നു കോലി നേടിയത്.
അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇനിയും മൂന്നോ നാലോ വര്‍ഷം കാത്തിരിക്കേണ്ടതായി വന്നേക്കാം. അതിനാല്‍ തന്നെ ഇനിയൊരു ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാനുണ്ടാകിനിടയില്ല. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തുക എന്നത് ഇനി സാധ്യമായ കാര്യമല്ല. സംഭവിച്ചതിനെയെല്ലാം ഉള്‍കൊള്ളുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പിഴവുകള്‍ എന്നെ ഏറെക്കാലം വേട്ടയാടിയിരുന്നു. എന്നാല്‍ 2018ല്‍ അത് തിരുത്താനായി. അതുപോലെയല്ല ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സംഭവിച്ച പിഴവുകളുടെ കാര്യം.
ഓസ്‌ട്രേലിയയില്‍ തിളങ്ങാനാവത്തതില്‍ നിരാശയില്ല. പറ്റിയ തെറ്റുകളെ പറ്റി ചിന്തിച്ചിരുന്നാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. ആ നിരാശകളെ ഉള്‍ക്കൊള്ളുക എന്നതാണ് ചെയ്യാനുള്ളത്. നേട്ടങ്ങള്‍ക്കോ റെക്കോര്‍ഡുകള്‍ക്കോ വേണ്ടിയല്ല താന്‍ കളിക്കുന്നതെന്നും എത്ര കാലം കളി ആസ്വദിക്കാനാവുന്നോ അത്രയും കാലം തുടരാനാണ് ആഗ്രഹമെന്നും കോലി പറഞ്ഞു.