India Masters vs West Indies Masters, Final: വിനയ് കുമാര്‍ എറിഞ്ഞിട്ടു, സച്ചിന്‍-റായിഡു സഖ്യം അടിച്ചെടുത്തു; ഫൈനലില്‍ ലാറയും കൂട്ടരും നിഷ്പ്രഭം !
India Masters vs West Indies Masters, Final: ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ മാസ്റ്റേഴ്‌സ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനു നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
അമ്പാട്ടി റായിഡു (50 പന്തില്‍ 74), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (18 പന്തില്‍ 25) ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 67 റണ്‍സ് സംഭാവന ചെയ്തു. മൂന്ന് സിക്‌സും ഒന്‍പത് ഫോറും അടങ്ങിയതാണ് റായിഡുവിന്റെ ഇന്നിങ്‌സ്. കളിയിലെ താരവും റായിഡു തന്നെ. സ്റ്റുവര്‍ട്ട് ബിന്നി (ഒന്‍പത് പന്തില്‍ 16), യുവരാജ് സിങ് (11 പന്തില്‍ 13) എന്നിവര്‍ പുറത്താകാതെ നിന്നു.
മൂന്ന് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ വിനയ് കുമാര്‍ ആണ് ഇന്ത്യക്ക് ബൗളിങ്ങില്‍ കരുത്തായത്. ഷഹ്ബാസ് നദീം രണ്ട് വിക്കറ്റ് സ്വന്തമാക്കി. ലെന്‍ഡ്ല്‍ സിമ്മണ്‍സ് (41 പന്തില്‍ 57), ഡ്വെയിന്‍ സ്മിത്ത് (35 പന്തില്‍ 45) എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. നായകന്‍ ബ്രയാന്‍ ലാറ ആറ് റണ്‍സെടുത്ത് പുറത്തായി.