ഗില്ലല്ല, അടുത്ത സൂപ്പർ താരമാവുക ഇംഗ്ലണ്ട് താരമെന്ന് സ്റ്റീവ് സ്മിത്ത്, താരത്തിന് പൊങ്കാലയിട്ട് ഇന്ത്യൻ ആരാധകർ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (17:38 IST)
ബ്രാഡ്മാൻ മുതൽ വിരാട് കോലിയും സ്റ്റീവ് സ്മിത്തും രോഹിത് ശർമയും വരെ. ക്രിക്കറ്റ് ലോകത്ത് എല്ലാ കാലവും എടുത്തുപറയാവുന്ന സൂപ്പർ താരങ്ങൾ ഉണ്ടായിട്ടുണ്ട്. ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് പലരും വിസ്മയിപ്പിക്കാറുണ്ടെങ്കിലും ചുരുക്കം ചില താരങ്ങളാണ് ഇതിഹാസതാരങ്ങളായി ഉയരാറുള്ളത്.
 
ഇന്നുള്ള കളിക്കാരിൽ സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ,ജോ റൂട്ട്, വിരാട് കോലി എന്നീ താരങ്ങളെയാണ് ഫാബുലസ് ഫോർ എന്ന് വിളിക്കുന്നത്. ഇതിലെ എല്ലാവരും തന്നെ വിരമിക്കലിലേക്ക് അടുക്കുമ്പോൾ ലോകക്രിക്കറ്റിൽ ഇനി വമ്പൻ താരമായി ആരായിരിക്കും മാറുക എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഓസീസ് താരമായ സ്റ്റീവ് സ്മിത്ത്.
 
വിരാട് കോലിക്ക് ശേഷം ലോക ക്രിക്കറ്റിനെ ഭരിക്കുക ശുഭ്മാൻ ഗില്ലാകുമെന്ന് ഇന്ത്യൻ ആരാധകർ പറയുമ്പോൾ ലോക ക്രിക്കറ്റിലേ സൂപ്പർ താരമായി മാറുക ഇംഗ്ലണ്ട് യുവതാരമായ ഹാരി ബ്രൂക്കായിരിക്കുമെന്നാണ് സ്മിത്ത് പറയുന്നത്. ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനമാണ് യുവതാരം നടത്തുന്നത്. അതേസമയം സ്മിത്തിൻ്റെ അഭിപ്രായത്തിന് പിന്നാലെ പൊങ്കാലയുമായി ഇന്ത്യൻ ആരാധകർ രംഗത്തെത്തി.
 
3 ഫോർമാറ്റിലും മികവ് പുലർത്തുന്ന ശുഭ്മാൻ ഗിൽ ബാറ്റ് ചെയ്യുമ്പോൾ സ്മിത്ത് ഉറങ്ങുകയായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ക്ലാസും അതിനൊത്ത പ്രതിഭയും ഉള്ള താരമാണ് ഗില്ലെന്നും ഒരു മത്സരത്തെ എങ്ങനെ കൊണ്ടുപോകണമെന്നതിൽ കൃത്യമായ ധാരണയുള്ള താരമാണ് ഗില്ലെന്നും ഇന്ത്യൻ ആരാധകർ പറയുന്നു. ഹാരി ബ്രൂക്ക് വിദേശത്ത് മാത്രമാണ് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ളതെന്നും ഒരു തവണ ഇന്ത്യയിൽ വന്നാൽ  സ്മിത്തിൻ്റെ അഭിപ്രായം മാറുമെന്നും ഇന്ത്യൻ ആരാധകർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article