പാക് ക്രിക്കറ്റ് ടീമിലെ ഒരാൾക്ക് പോലും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള നിലവാരമില്ല, വിമർശനവുമായി ജാവേദ് മിയാൻദാദ്

അഭിറാം മനോഹർ
വ്യാഴം, 19 മാര്‍ച്ച് 2020 (11:40 IST)
മികച്ച പ്രകടനം പുറത്തെടുക്കാതെ പാകിസ്ഥാൻ ടീമിൽ തന്നെ തുടർന്ന് കളിക്കുന്ന പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ പാക് നാങ്കനും ഇതിഹാസ താരവുമായ ജാവേദ് മിയാൻദാദ്. ഇപ്പോഴത്തെ പാകിസ്ഥാൻ ടീമിലുള്ള താരങ്ങളിൽ ഒരാൾ പോലും ഇന്ത്യയിലെയോ,ഓസ്ട്രേലിയയിലെയോ ഇംഗ്ലണ്ടിലെയോ ദക്ഷിണാഫ്രിക്കയിലെയോ ദേശീയ ടീമിൽ കളിക്കാൻ യോഗ്യതയില്ലാത്ത താരങ്ങളാണെന്നും മിയാൻദാദ് പറഞ്ഞു.
 
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇന്ത്യ തുടങ്ങിയ ടീമുകളിലെ താരങ്ങള്‍ക്ക് പകരം വെയ്‌ക്കാൻ കഴിയുന്ന ഒരാളെങ്കിലും ഇന്നത്തെ പാക് ടീമിലുണ്ടോ? ഈ ടീമുകളിൽ കളിക്കാൻ നിലവാരമുള്ള ഒരാൾ പോലും പാക് ടീമിലില്ല എന്നതാണ് സത്യം, ചിലപ്പോൾ ബൗളർമാർ കാണുമായിരിക്കാം.എന്നാൽ ബാറ്റ്സ്മാന്മാരിൽ അങ്ങനെ ആരുമില്ല,റണ്‍സടിച്ചാല്‍ മാത്രമോ ടീമില്‍ തുടരാനും പ്രതിഫലം പറ്റാനും ബാറ്റ്സ്മാന്‍മാര്‍ക്ക് അര്‍ഹതയുള്ളു. അത് ഉറപ്പ് വരുത്തേണ്ടത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. ടീമിലെ സ്ഥാനം ആരും അവകാശമായി കാണുനില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡാണ് ഉറപ്പുവരുത്തേണ്ടതെന്നും മിയാൻദാദ് പറഞ്ഞു.
 
ഇനിയും 12 വര്‍ഷം കൂടി പാക്കിസ്ഥാന്‍ ദേശീയ ടീമിനായി കളിക്കാന്‍ സന്നദ്ധനാണെന്ന അഹമ്മദ് ഷെഹ്‌സാദിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മിയാൻദാദിന്റെ പ്രതികരണം. എന്തിന് 12 ആക്കുന്നു 20 വർഷം തന്നെ കളിച്ചോളു. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കണം.ഇന്ത്യയെ ഉദാഹരണമായെടുക്കു. അവര്‍ ഓരോ കളിയിലും 70, 80, 100, 200 എന്നിങ്ങനെ സ്‌കോര്‍ ചെയ്യുന്നു. അതിനെയാണ് നമ്മള്‍ മികച്ച പ്രകടനമെന്നു പറയുന്നത്.ഇന്നത്തെ പാക് ടീമിൽ ലോകത്തിലെ മികച്ച ടീമുകളിൽ ഇടം പിടിക്കാൻ പ്രാപ്‌തിയുള്ള താരങ്ങളില്ല.കളിക്കാര്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ഗ്രൗണ്ടിലെ പ്രകടനം വഴിയാവണം കളിക്കാർ മറുപടി നൽകേണ്ടതെന്നും മിയാൻദാദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article