ഐപിഎൽ ഇല്ലെങ്കിലും ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തും, ഐപിഎൽ കൊണ്ട് ധോണിയെ പോലൊരു താരത്തെ അളക്കരുതെന്ന് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ

ബുധന്‍, 18 മാര്‍ച്ച് 2020 (10:48 IST)
ഐ‌പിഎല്ലിൽ കളിച്ചില്ലെങ്കിലും അത് രാജ്യാന്തര ക്രിക്കറ്റിലേക്കൂള്ള എം എസ് ധോണിയുടെ തിരിച്ചുവരവിനെ ബാധിക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയുടെ ടീമിലേക്കുള്ള മടങ്ങിവരവിൽ ഏറ്റവും നിർണായകമാകുമെന്ന് കരുതപ്പെട്ടിരുന്ന ഐപിഎൽ മത്സരങ്ങൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചോപ്രയുടെ വിലയിരുത്തൽ.
 
ധോണി ഒരുപാട് പരിചയസമ്പത്തുള്ള താരമാണ്. ഐപിഎൽ നടത്തിയാലും ഇല്ലെങ്കിലും ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നും ചോപ്ര പറഞ്ഞു.ഐ.പി.എല്ലിലെ ധോനിയുടെ പ്രകടനം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംനേടുന്നതില്‍ നിര്‍ണായകമാകുമെന്ന് കോച്ച് രവി ശാസ്ത്രി അടക്കമുള്ളവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചോപ്രയുടെ വാക്കുകൾ.
 
ധോണിയെ പോലെയൊരു താരത്തിന് ഐ‌പിഎല്ലിലെ പ്രകടനങ്ങൾ മടങ്ങിവരവിന് ഒരു അളവുകോലേയല്ല.താൻ ചെയ്യുന്നതെന്തെന്ന് കൃത്യമായ ബോധമുള്ള ആളാണ് ധോണി.തിരിച്ചുവരണമെന്ന് ധോനി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അതിന് തയ്യാറാകും.സെലക്‌ടർമാർ വിചാരിക്കുകയാണെങ്കിൽ അദ്ദേഹം തിരിച്ചെത്തുകയും ചെ‌യ്‌തു. പരിചയസമ്പത്ത് സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടില്ലല്ലോയെന്നും ചോപ്ര ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍