ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പൂരന്‍. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് പുരന്‍ മറിക്കടന്നത്. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിനെതിരായ മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി 15 പന്തില്‍ നിന്നും 27 റണ്‍സ് നേടിയതോടെയാണ് പുരന്‍ ഈ നേട്ടത്തിലെത്തിയത്. 2024ല്‍ ഇതിനകം 2059 റണ്‍സ് പുരന്‍ സ്വന്തമാക്കി കഴിഞ്ഞു. 2021ല്‍ പാക് താരം മുഹമ്മദ് റിസ്വാന്‍ നേടിയ 2036 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
വെസ്റ്റിന്‍ഡീസ് ടീമിന് വേണ്ടിയും ഫ്രാഞ്ചൈസി ലീഗുകളില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍്‌സ്, എംഐ എമിറേറ്റ്‌സ്, എംഐ ന്യൂയോര്‍ക്ക്, നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്,രംഗ്പൂര്‍ റൈഡേഴ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായി താരം 2024ല്‍ കളിച്ചിട്ടുണ്ട്. 2021ല്‍ 45 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു റിസ്വാന്‍ 2036 റണ്‍സ് നേടിയത്. പുരനാകട്ടെ 65 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം മറികടന്നത്. ഈ വര്‍ഷം ഇതുവരെയും താരം സെഞ്ചുറിയൊന്നും തന്നെ നേടിയിട്ടില്ല.