കിവിസിന്റെ തിരിച്ചടി, വമ്പന്‍ തോല്‍‌വിയില്‍ തളര്‍ന്ന് ഇന്ത്യ

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (18:21 IST)
ന്യുസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍‌വി. 80 റൺസിനാണ് ആതിഥേയർ ഇന്ത്യയെ തകർത്തുവിട്ടത്. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും  19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. കിവിസ് ഓപ്പണര്‍ ടിം സീഫർട്ടാണ് (43 പന്തിൽ 84 റണ്‍സ്) കളിയിലെ കേമൻ.

ന്യൂസീലൻഡ് ഉയർത്തിയ 220 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാനുള്ള കരുത്ത് ഇന്ത്യക്കില്ലായിരുന്നു. ക്യാപ്‌റ്റന്‍ രോഹിത്താണ് (1) ആദ്യം പുറത്തായത്. തുടര്‍ന്ന് വിക്കറ്റുകള്‍ അതിവേഗം കൊഴിഞ്ഞു. 39 റണ്‍സെടുത്ത ധോണിയാണ് ടോപ്‌ സ്‌കോറര്‍.

രോഹിത് ശർമ (അഞ്ച് പന്തിൽ ഒന്ന്), ശിഖർ ധവാൻ (18 പന്തിൽ 29), വിജയ് ശങ്കർ (27), ഋഷഭ് പന്ത് (10 പന്തിൽ നാല്), ദിനേഷ് കാർത്തിക് (ആറു പന്തിൽ അഞ്ച്), ഹാർദിക് പാണ്ഡ്യ (നാലു പന്തിൽ നാല്), ഭുവനേശ്വർ കുമാർ (മൂന്നു പന്തിൽ ഒന്ന്), യുസേ‌വേന്ദ്ര ചഹൽ (മൂന്നു പന്തിൽ ഒന്ന്), ക്രുനാൽ പാണ്ഡ്യ (20) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിനായി സീഫർട്ടിനെ കൂടാതെ കോളിൻ മൺറോ (20 പന്തിൽ 34), കെയ്ൻ വില്യംസൻ (22 പന്തിൽ 34), റോസ് ടെയ്‌ലർ (14 പന്തിൽ 23) സ്കോട്ട് കുഗ്ഗെലെയ്ൻ (ഏഴു പന്തിൽ പുറത്താകാതെ 20), ഡാരിൽ മിച്ചൽ (ആറു പന്തിൽ എട്ട്), കോളിൻ ഗ്രാൻഡ്ഹോം (മൂന്ന്)  എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. മിച്ചൽ സാന്റ്നർ അവസാന പന്തിലെ ബൗണ്ടറി ഉൾപ്പെടെ ഏഴു റൺസുമായി പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article