ഇത് തീക്കളിയാണ്, എട്ടു പേരുണ്ടായിട്ടും തോറ്റു; വെല്ലിങ്‌ടണില്‍ പാളിച്ചകളുടെ രാജാവായി ‘രോഹിത്‘
ബുധന്‍, 6 ഫെബ്രുവരി 2019 (17:13 IST)
രോഹിത് ശര്‍മ്മയ്‌ക്ക് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു വെല്ലിങ്‌ടണില്‍. കൈവന്ന ടോസിന്റെ ഭാഗ്യം ന്യൂസിലന്‍ഡിന് നല്‍കിയതും ബാറ്റിംഗിലും ബോളിംഗിലും ടീം ഒന്നാകെ തകരുന്നതും ക്യാപ്‌റ്റന് കാണേണ്ടി വന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ന്യുസിലന്‍ഡിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കായില്ല.
ട്വന്റി-20യില്‍ 80 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കില്‍ ഗുരുതര വീഴ്‌ചകള്‍ സംഭവിച്ചുവെന്ന് വ്യക്തമാണ്. പിന്തുടര്‍ന്ന് ജയിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് രണ്ടാമത് ബാറ്റ് ചെയ്യാന്‍ രോഹിത് തീരുമാനിച്ചത്. ടീം സെലക്ഷന്‍ അത്തരത്തിലുള്ളതായിരുന്നു. രോഹിത് മുതല്‍ ക്രുനാല്‍ പാണ്ഡ്യവരെയുള്ള എട്ട് ബാറ്റ്‌സ്‌മാന്‍. വന്‍ ഷോട്ടുകളുടെ തോഴനായ ഋഷഭ് പന്ത് നാലാമനായി എത്തുമ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ഫിനിഷറുടെ റോളുള്ള ധോണിയും കാര്‍ത്തിക്കും, വാലറ്റത്ത് ഹാര്‍ദ്ദിക്കും.
ഇങ്ങനെയൊരു ടീം ഏത് വമ്പന്‍ സ്‌കോറും പിന്തുടരാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ രോഹിത്തിന്റെ ഈ ടീം സെലക്ഷന്‍ അമ്പേ പാളിയെന്ന് വ്യക്തമാണ്. ടോസ് ലഭിച്ചിട്ടും കിവികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അനുവദിച്ചതും ബാറ്റിംഗ് ഓര്‍ഡറിലെ അപ്രതീക്ഷിത മാറ്റങ്ങളും തോല്‍വിയുടെ ആക്കം കൂട്ടി.
ബോളിംഗ് തെരഞ്ഞെടുത്തുവെങ്കിലും ക്യാപ്‌റ്റന്റെ ആഗ്രഹത്തിന് അനുസരിച്ച് പന്തെറിയാന്‍ ഇന്ത്യന്‍ നിരയില്‍ ആരുമുണ്ടായില്ല. ടീമിലെ ഒന്നാം നമ്പര്‍ ബോളറായ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ വിട്ട് നല്‍കിയത് 47 റണ്‍സാണ്. ഖലീല്‍ അഹമ്മദ് 48 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഓള്‍ റൌണ്ടറുടെ ലേബലുള്ള ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഓവറുകളില്‍ 51റണ്‍സാണ് കിവിസ് താരങ്ങള്‍ അടിച്ചു കൂട്ടിയത്. ചാഹല്‍ 35 റണ്‍ വിട്ടുകൊടുത്തപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ 37 റണ്‍സാണ് നല്‍കിയത്. ഇതോടെ 219 എന്ന മികച്ച സ്‌കോറിലെത്താന്‍ ആതിഥേയര്‍ക്കായി.
ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയുടെ വീഴ്‌ച ഇന്ത്യയുടെ നടുവൊടിച്ചു. വിജയ് ശങ്കറിനെ കൂട്ട് പിടിച്ച് ശിഖര്‍ ധവാന്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതോടെ കളി കൈവിട്ടു.
ബാറ്റിംഗ് ഓര്‍ഡറിലെ പാളിച്ചകള്‍ ഇന്നത്തെ മത്സരത്തിന്റെ ഗതി നിര്‍ണയിച്ചുവെന്നതില്‍ സംശയമില്ല. ധോണിയേയും ദിനേഷ് കാര്‍ത്തിക്കിനെയും ഒരുമിച്ച് കളിപ്പിച്ചതും പന്തിനെ നാലാമത് ഇറക്കിയതും തിരിച്ചടിയായി. വിരാട് കോഹ്‌ലിയുടെ മൂന്നാം നമ്പര്‍ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ടീം തിരിച്ചറിഞ്ഞു. വിജയ് ശങ്കര്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും കളി വരുതിയില്‍ നിര്‍ത്തുന്ന കോഹ്‌ലി മാജിക്ക് വിജയ് ശങ്കറില്‍ നിന്ന് കാണാനായില്ല.
ട്വന്റി-20യില്‍ മികച്ച തുടക്കം സ്വന്തമാക്കുക ബുദ്ധിമുട്ടാണ്. പത്ത് ബോള്‍ നേരിട്ടിട്ടും പന്ത് ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. വിക്കറ്റുകള്‍ വീഴുമ്പോള്‍ വലിയ സ്‌കോറുകള്‍ എത്തിപ്പിടിക്കാന്‍ ഫിനിഷറുടെ റോളുള്ള കാര്‍ത്തിക്കിന് സാധിക്കില്ലെന്നും വ്യക്തമായി. കുട്ടി ക്രിക്കറ്റില്‍ കാലിടറുന്ന പതിവ് രീതി ഇക്കുറിയും ഹാര്‍ദ്ദിക് പാണ്ഡയയില്‍ നിന്നും കാണാന്‍ സാധിച്ചു. പതിവ് പോലെ ധോണി വാലറ്റത്ത് നങ്കൂരമിട്ടെങ്കിലും ജയം അകലെയായിരുന്നു. വെറും പത്ത് റണ്‍സിനിടെ അവസാന നാല് വിക്കറ്റ് നഷ്‌ടമായത് പരിശോധിക്കേണ്ട കാര്യമാണ്. അല്ലെങ്കില്‍ രണ്ടാം ട്വന്റി-20യിലും ഫലം മറിച്ചാകില്ല.