ലക്ഷ്യം ലോകകപ്പ്, സൂപ്പര്‍ താരങ്ങള്‍ പുറത്ത് ?; ടീമില്‍ കയറിപ്പറ്റണമെങ്കില്‍ ‘പോരടി’ക്കാതെ രക്ഷയില്ല

ചൊവ്വ, 5 ഫെബ്രുവരി 2019 (13:48 IST)
യുവതാരങ്ങളുടെ കടന്നുവരവ് ഇന്ത്യന്‍ ടീമിന് നല്‍കുന്ന കരുത്ത് ചെറുതല്ല. ടോപ് ഓര്‍ഡറും മിഡില്‍ ഓഡറും അതിശക്തമായി. ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലുമടക്കമുള്ള ഒരുപിടി താരങ്ങള്‍ അവസരത്തിനായി കാത്തു നില്‍ക്കുകയാണ്. ടീമിലെ സ്ഥാനം നിലനിര്‍ത്തുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന ശിഖര്‍ ധവാന്റെ വാക്കുകള്‍ അതിനുദ്ദാഹരണമാണ്.

ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ടീമിനെ ശക്തിപ്പെടുത്താനുള്ള തിവ്രശ്രമത്തിലാണ് മാനേജ്‌മെന്റ്. താരങ്ങളുടെ ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കയാണ് അതില്‍ പ്രധാനം. ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ട്വന്റി-20യില്‍ നിന്നും വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിയതും ജസ്‌പ്രിത് ബുമ്രയെ അധിക മത്സരങ്ങളില്‍ കളിപ്പിക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്നതും പരുക്കിനെ ഭയന്നാണ്.

ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് വരുന്നതിനാല്‍ ടീമില്‍ റൊട്ടേഷന്‍ നയം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഓസ്‌ട്രേലിയക്കെതിരായി മാര്‍ച്ച് രണ്ടിന്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, മുഹമ്മദ് ഷാമി എന്നിവരെ ഒഴിവാക്കുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി.

ഷമിക്ക് പകരം ബുമ്ര എത്തുമ്പോള്‍ പൃഥ്വി ഷാ അടക്കമുള്ള താരങ്ങള്‍ ടീമില്‍ എത്തിയേക്കും. പരമ്പരയിലേക്ക് വിരാട് കോഹ്‌ലി മടങ്ങിയെത്തുമ്പോള്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും മാറ്റങ്ങള്‍ വന്നേക്കും. ഖലീല്‍ അഹമ്മദ്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിക്കും.

ടെസ്‌റ്റ് മത്സരങ്ങളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി കളിക്കുന്ന ധവാന് വിശ്രമം അനിവാര്യമാണ്. രോഹിത്തിനും അവധി നല്‍കേണ്ടതുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങളെ ഇന്ത്യ പരീക്ഷിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കോഹ്‌ലിയുടെ പിന്‍‌ഗാമിയെന്ന വിശേഷണമുള്ള ഗില്ലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. വിരാട് മടങ്ങിയെത്തുമ്പോള്‍ യുവതാരത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറും. ഓപ്പണിംഗില്‍ പോലും ഉപയോഗിക്കാവുന്ന  താരമാണ് ഗില്ലെന്നത് ടീമിന് നേട്ടമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍