അഹങ്കാരം മതിയാക്കൂ, അല്ലെങ്കില്‍ ഇംഗ്ലണ്ടില്‍ പണി കിട്ടും; ഓസീസിന് മുന്നറിയിപ്പ് നല്‍കി കോഹ്‌ലി!

ബുധന്‍, 9 ജനുവരി 2019 (11:22 IST)
അഹങ്കാരം മതിയാക്കാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മുന്നറിയിപ്പ്. അഹങ്കാരമനോഭാവത്തോടെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തുന്ന ഓസീസ് ടീമിന് നിരാശപ്പെടേണ്ടിവരുമെന്ന് കോഹ്‌ലി പറഞ്ഞു.
 
ഈഗോയും അമിതാവേശവും ഭരിക്കുന്ന മനസുമായി ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യാനിറങ്ങിയാല്‍ തിരിച്ചടി കിട്ടും. അവിടെ ക്ഷമയോടെ ബാറ്റ് വീശുക എന്നത് അത്യാവശ്യമാണ്. ക്ഷമയില്ലാതെ, ഈഗോയോടെ ബാറ്റിംഗിനിറങ്ങിയാല്‍ ഇംഗ്ലണ്ട് പിച്ചുകളില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ല - കോഹ്‌ലി പറഞ്ഞു.
 
ഓസ്ട്രേലിയയെ തകര്‍ത്ത് ടെസ്റ്റ് പരമ്പര നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിരാട് കോഹ്‌ലി ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
 
റണ്‍ അടിച്ചുകൂട്ടുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ക്രീസില്‍ പിടിച്ചുനില്‍ക്കുക എന്നതും. അക്കാര്യത്തില്‍ ഇംഗ്ലണ്ടില്‍ ഏറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് - ഇതാണ് ഓസീസ് ബാറ്റ്സ്‌മാന്‍‌മാര്‍ക്കുള്ള വിരാട് കോഹ്‌ലിയുടെ ഉപദേശം.
 
ഓഗസ്റ്റിലാണ് ആഷസ് പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍