മാപ്പ് പോര, പാണ്ഡ്യയെ മര്യാദപഠിപ്പിക്കാനൊരുങ്ങി ബിസിസിഐ; പുലിവാൽ പിടിച്ച് ഹർദ്ദിക് പാണ്ഡ്യ

ബുധന്‍, 9 ജനുവരി 2019 (11:12 IST)
കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ വെച്ച് ഹർദ്ദിക് പാണ്ഡ്യ നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരിക്കുകയാണ്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അന്ന് തന്നെ മാതാപിതാക്കളെ അറിയിക്കാറുണ്ടെന്നുമായിരുന്നു ഹർദ്ദിക് പരിപാടിയിൽ പറഞ്ഞത്. എന്നാൽ, സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ് താരം.
 
തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ആരേയും മനഃപൂർവ്വം വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും പാണ്ഡ്യ കുറിച്ചു. എന്നാൽ, പാണ്ഡ്യയുടെ മാപ്പ് അപേക്ഷയിൽ ബിസിസിഐ തൃപ്തരായിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ എത്ര കൂളായിട്ടാണ് പാണ്ഡ്യ പെരുമാറുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ വെളിപ്പെടുത്തലുകളെന്ന് ബിസിസിഐയുടെ ഉയർന്ന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.
 
‘ഒരു അന്തർദേശീയ കായികതാരമാണ് താനെന്ന കാര്യം പാണ്ഡ്യ മറന്നു. പാണ്ഡ്യ തന്റെ സ്ഥാനം മറന്നാണ് സംസാരിച്ചത്. ഒരു മാപ്പ് കൊണ്ട് ഒതുക്കാനോ അവസാനിപ്പിക്കാനോ കഴിയുന്ന കാര്യമല്ല ഇത്. ശരിയും തെറ്റും ഏതാണെന്ന് പാണ്ഡ്യ തിരിച്ചറിയേണ്ടതുണ്ട്‘- എന്നാണ് ബിസിസിഐ ഉദ്യോഗസ്ഥൻ വിഷയത്തോട് പ്രതികരിച്ചത്. 
 
ഏതായാലും വിഷയം വളരെ പ്രാധാന്യത്തോട് കൂടി തന്നെയാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തം. പാണ്ഡ്യയുടെ നിലനിൽപ്പിനെ തന്നെ ഒരുപക്ഷേ ഇത് ബാധിച്ചേക്കാം. പാണ്ഡ്യയ്ക്കെതിരെ ബിസിസിഐ കടുത്ത നിലപാട് എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍