9 പന്തില്‍ അര്‍ധസെഞ്ചുറി, യുവരാജിന്റെ റെക്കോര്‍ഡും തവിടുപൊടി, ഏഷ്യന്‍ ഗെയിംസില്‍ നേപ്പാളിന്റെ മംഗോളിയ മര്‍ദ്ദനം

ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (13:10 IST)
ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരായ മത്സരത്തീല്‍ ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി നേപ്പാള്‍. മംഗോളിയക്കെതിരെ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. 50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലെത്തിച്ചത്. 34 പന്തില്‍ സെഞ്ചുറി നേടിയ താരം ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി.
 
35 പന്തില്‍ നിന്നും ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, ചെക്ക് റിപ്പബ്ലിക് താരം എസ് വിക്രമശേഖര എന്നിവരുടെ റെക്കോര്‍ഡുകളാണ് മല്ല തകര്‍ത്തത്. 27 പന്തില്‍ 61 റണ്‍സെടുത്ത രോഹിത് പൗഡേല്‍, 10 പന്തില്‍ 52 റണ്‍സെടുത്ത ദീപേന്ദ്ര സിംഗ് ഐറി എന്നിവരും നേപ്പാളിനായി തിളങ്ങി. 9 പന്തില്‍ നിന്നാണ് ദീപേന്ദ്ര സിംഗ് അര്‍ധസെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയെന്ന നേട്ടം ദീപേന്ദ്ര സിംഗിന്റെ പേരിലായി. 12 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ നേട്ടമാണ് ദീപേന്ദ്ര സിംഗ് മറികടന്നത്. 8 സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ദീപേന്ദ്ര സിംഗിന്റെ ഇന്നിങ്ങ്‌സ്.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും മംഗോളിയയോട് യാതൊരു അനുകമ്പയും കാണിച്ചില്ല. 7.2 ഓവറില്‍ 2 വിക്കറ്റിന് 66 എന്ന നിലയില്‍ നിന്നായിരുന്നു നേപ്പാള്‍ തങ്ങളുടെ ആക്രമണത്തിന് തുടക്കമിട്ടത്. 12 സിക്‌സും 8 ഫോറും അടങ്ങുന്നതായിരുന്നു നേപ്പാളിനായി സെഞ്ചുറി നേടിയ മല്ലയുടെ ഇന്നിങ്ങ്‌സ്. 27 പന്തുകള്‍ മാത്രം നേരിട്ട പൗഡേല്‍ 6 സിക്‌സും 2 ഫോറും നേടി. മംഗോളിയന്‍ ബൗളര്‍മാരില്‍ 2 ഓവര്‍ മാത്രം എറിഞ്ഞ മന്‍ഗന്‍ ആല്‍റ്റന്‍ഖുഗയ് 55 റണ്‍സാണ് വഴങ്ങിയത്.ദേവാസുരന്‍ ജമ്യാന്‍സുരന്‍ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. തുമുര്‍സുഖ് തര്‍മങ്ക് മൂന്ന് ഓവറില്‍ 55 റണ്‍സാണ് നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍