Asia Cup 2023, India vs Nepal: നേപ്പാളിനെ തോല്‍പ്പിച്ച് ഇന്ത്യ സൂപ്പര്‍ ഫോറില്‍

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (08:12 IST)
Asia Cup 2023, India vs Nepal: നേപ്പാളിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 147 റണ്‍സ് നേടി. മഴ നിയമപ്രകാരം 23 ഓവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 145 ആയി പുനര്‍നിശ്ചയിച്ചിരുന്നു. 
 
ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും പുറത്താകാതെ അര്‍ധ സെഞ്ചുറി നേടി. രോഹിത് 59 ബോളില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 74 റണ്‍സും ഗില്‍ 62 ബോളില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 67 റണ്‍സും നേടി. 
 
ടോസ് ലഭിച്ച ഇന്ത്യ നേപ്പാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആസിഫ് ഷെയ്ഖ് (97 പന്തില്‍ 58), സോംപാല്‍ കാമി (56 പന്തില്‍ 48) എന്നിവരുടെ പ്രകടനങ്ങളാണ് നേപ്പാളിന് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍