Asia cup 2023: ഏഷ്യാകപ്പിലെ രണ്ടാം മത്സരം, ഇഷാൻ കിഷനെ കാത്ത് വമ്പൻ റെക്കോർഡ്

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (14:14 IST)
ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തില്‍ 66 റണ്‍സിന് 4 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ ടീമിനെ കൈപ്പിടിച്ചുയര്‍ത്തിയത് ഹാര്‍ദ്ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും ചേര്‍ന്നുള്ള കൂട്ടുക്കെട്ടായിരുന്നു. മത്സരത്തില്‍ 81 പന്തില്‍ 82 സ്വന്തമാക്കിയ ഇഷാന്‍ ഏകദിനത്തിലെ തന്റെ തുടര്‍ച്ചയായ നാലാമത്തെ 50+ റണ്‍സാണ് നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ നേപ്പാളിനെതിരെ അര്‍ധസെഞ്ചുറി കുറിക്കാന്‍ സാധിച്ചാല്‍ തുടര്‍ച്ചയായ അഞ്ച് ഏകദിനങ്ങളില്‍ ഇന്ത്യയ്ക്ക് പുറത്ത് അര്‍ധസെഞ്ചുറികള്‍ കണ്ടെത്തുന്ന താരമാകാന്‍ ഇഷാന്‍ കിഷനാകും.
 
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ 3 ഏകദിനങ്ങളിലും കിഷന്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കിയിരുന്നു. 52,55,77 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ താരത്തിന്റെ സ്‌കോറുകള്‍. ബാറ്റിംഗില്‍ തിളങ്ങിയ കിഷനായിരുന്നു പരമ്പരയിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടതും. തുടര്‍ന്ന് ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ കളിച്ച ആദ്യമത്സരത്തിലും കിഷന്‍ അര്‍ധസെഞ്ചുറി സ്വന്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് തുടര്‍ച്ചയായി കൂടുതല്‍ ഏകദിനങ്ങളില്‍ ഫിഫ്റ്റി+ സ്‌കോറുകള്‍ കണ്ടെത്തിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇഷാന്‍ കിഷന്‍.
 
ഇന്ന് നേപ്പാളിനെതിരെയും 50+ സ്‌കോര്‍ നേടാന്‍ സാധിച്ചാല്‍ വിദേശത്ത് തുടര്‍ച്ചയായി 5 ഫിഫ്റ്റി+ സ്‌കോറുകളെന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ നേട്ടത്തിനൊപ്പമെത്താന്‍ ഇഷാന്‍ കിഷന് സാധിക്കും. 2012ലായിരുന്നു കോലി ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. തുടര്‍ന്ന് 2019ലും കോലി ഈ നേട്ടം ആവര്‍ത്തിച്ചു. ഏകദിനത്തില്‍ ഏറ്റവുമാദ്യം തുടരെ അഞ്ച് ഫിഫ്റ്റികള്‍ രാജ്യത്തിന് പുറത്ത് നേടിയിട്ടുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. 2004-2005 കാലത്തായിരുന്നു ഈ നേട്ടം. ഇവര്‍ക്ക് പുറമെ ശ്രേയസ് അയ്യരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2019-2020 കാലത്തായിരുന്നു ശ്രേയസ് അയ്യരുടെ നേട്ടം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍