ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ നടത്തിയ ബാറ്റിംഗ് പ്രകടനത്തോടെ ഓപ്പണിംഗ് മാത്രമല്ല മധ്യനിരയിലെ ബാറ്റിംഗ് പ്രകടനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. പാകിസ്ഥാന്‍ പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര ഉത്തരമില്ലാതെ പരുങ്ങിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കരിയറിലാദ്യമായി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ 81 പന്തില്‍ 82 റണ്‍സ് നേടിയാണ് പുറത്തായത്. പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും താരം സ്വന്തമാക്കി.
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസതാരവുമായ എം എസ് ധോനിയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഇതോടെ കിഷന്‍ മറികടന്നത്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഇഷാന്‍ സ്വന്തമാക്കിയത്. 2008ലെ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ ധോനി നേടിയ 76 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ഇഷാന്റെ പ്രകടനത്തോടെ കെ എല്‍ രാഹുല്‍,സഞ്ജു സാംസണ്‍ എന്നിവരുടെ മധ്യനിരയിലെ സാന്നിധ്യത്തിനാണ് ഭീഷണിയായിരിക്കുന്നത്. തകര്‍ച്ചയുടെ വക്കില്‍ നിന്നും ടീമിനെ കരകയറ്റി എന്നതും മധ്യനിരയില്‍ ഇടം കയ്യന്‍ ബാറ്റര്‍ എന്നതും ഇഷാന്‍ കിഷന് വലിയ ആനുകൂല്യങ്ങളാണ്.