ഏഷ്യാ കപ്പിലെ ആദ്യത്തെ കളിക്ക് മുന്‍പ് തന്നെ ടീം ഇന്ത്യയ്‌ക്കെതിരെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. പൂര്‍ണമായി ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത കെ.എല്‍.രാഹുലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. രാഹുല്‍ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റ് അറിയിക്കുന്നത്. പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരം അടക്കം ആദ്യ രണ്ട് കളികളില്‍ രാഹുല്‍ കളിക്കില്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദിനത്തില്‍ രാഹുലിനേക്കാള്‍ മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജു സാംസണ്‍ പുറത്തു നില്‍ക്കുമ്പോഴാണ് പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത രാഹുലിനെ തിടുക്കപ്പെട്ട് ടീമില്‍ എടുത്തത്. ഇത് ശരിയായില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സഞ്ജുവിനെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്റ്റാന്‍ഡ്‌ബൈ പ്ലെയര്‍ മാത്രമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നല്‍കാതിരിക്കാനാണോ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരാധകരുടെ ചോദ്യം.