കോലിയെ പോലെ എല്ലാ ഫോർമാറ്റിലും താരമാണ് ബാബർ, നമ്മൾ അംഗീകരിച്ചില്ലെങ്കിലും ഈ കണക്കുകൾ തെളിവ് നൽകും

വ്യാഴം, 31 ഓഗസ്റ്റ് 2023 (20:06 IST)
ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരെ ഫാബുലസ് ഫോര്‍ എന്ന പേരിലാണ് ക്രിക്കറ്റ് ലോകം വിളിക്കുന്നത്. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍,വിരാട് കോലി,ജോ റൂട്ട് എന്നിവരെയാണ് ഫാബുലസ് ഫോര്‍ എന്നത് കൊണ്ട് ക്രിക്കറ്റ് ലോകം ഉദ്ദേശിക്കുന്നത്. ഈ കൂട്ടത്തിലേക്ക് ഡേവിഡ് വാര്‍ണര്‍,ബാബര്‍ അസം എന്നിവരെ പരിഗണിക്കണമെന്നും ഫാബുലസ് ഫോര്‍ വീണ്ടും പുനര്‍നിര്‍ണയിക്കണമെന്നും പലപ്പോഴും ക്രിക്കറ്റ് ആരാധകര്‍ പറയാറുള്ളതാണ്.
 
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവര്‍ ഈ നാല് പേരുകളാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ലിസ്റ്റില്‍ വിരാട് കോലിയെ പോലെ എല്ലാ ഫോര്‍മാറ്റിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ബാറ്ററില്ല. അതിനാല്‍ കോലിയാണ് ഏറ്റവും മികച്ചവനെന്ന് വലിയ വിഭാഗം ആരാധകരും വിശ്വസിക്കുന്നു. എന്നാല്‍ നിലവില്‍ എല്ലാ ഫോര്‍മാറ്റിലെയും മികച്ച പ്രകടനങ്ങളുടെ പേരില്‍ കോലിയ്ക്ക് വെല്ലുവിളിയാകുന്നത് ഫാബുലസ് ഫോറിന് പുറത്തുള്ള പാക് നായകന്‍ ബാബര്‍ അസമാണ്.
 
ഏകദിനത്തിലും ടി20യിലും ഫാബുലസ് ഫോറില്‍ ആരേക്കാളും മുന്നില്‍ നില്‍ക്കുന്ന കോലി ടെസ്റ്റില്‍ മാത്രമാണ് ഒരല്പം പിന്നില്‍ നില്‍ക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏകദിനത്തില്‍ 57.32 ശരാശരിയില്‍ 12,898 റണ്‍സും 46 സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. ടി20യില്‍ 52.74 ശരാശരിയില്‍ 4008 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും ടി20യില്‍ കോലിയുടെ പേരിലുണ്ട്. ടെസ്റ്റിലാകട്ടെ 49.3 റണ്‍സ് ശരാശരിയില്‍ 8676 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 29 സെഞ്ചുറികള്‍ അടക്കമാണിത്. മൂന്ന് ഫോര്‍മാറ്റുകളില്‍ ടെസ്റ്റില്‍ മാത്രമാണ് കോലിയുടെ ശരാശരി 50ന് താഴെയുള്ളത്.
 
ഇനി ബാബര്‍ അസമിന്റെ കാര്യം എടുക്കുകയാണെങ്കില്‍ ഏകദിനത്തില്‍ കടുത്ത വെല്ലുവിളിയാണ് കോലിയ്ക്ക് താരം ഉയര്‍ത്തുന്നത്. 59.48 ശരാശരിയില്‍ 5353 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം 19 സെഞ്ചുറിയടക്കമാണ് ഈ നേട്ടം. ടെസ്റ്റില്‍ കോലിയ്ക്ക് ഒപ്പമുള്ള പ്രകടനമാണ് ബാബറും നടത്തുന്നത്. 47.75 റണ്‍സ് ശരാശരിയില്‍ 3772 റണ്‍സാണ് ടെസ്റ്റില്‍ ബാബറിന്റെ സമ്പാദ്യം 9 ടെസ്റ്റ് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ടി20യില്‍ 3 സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും 41.49 റണ്‍സ് ശരാശരി മാത്രമാണ് ബാബറിനുള്ളത്. 3485 റണ്‍സാണ് ടി20യില്‍ താരത്തിന്റെ സമ്പാദ്യം. എന്നാല്‍ വിരാട് കോലി കരിയറിന്റെ അവസാന നാളുകളില്‍ ആണെന്നുള്ളതും ബാബര്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതും 3 ഫോര്‍മാറ്റിലും കോലിയ്ക്ക് വെല്ലിവിളിയാകാന്‍ ബാബറിന് കഴിയും എന്ന സൂചനയാണ് നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍