ഏഷ്യാ കപ്പ്‌ ട്വന്റി 20: ലോക ക്രിക്കറ്റിലെ ഹൈവോള്‍ട്ടേജ്‌ പോരാട്ടം നാളെ മിര്‍പ്പൂരില്‍

Webdunia
വെള്ളി, 26 ഫെബ്രുവരി 2016 (10:28 IST)
ഏഷ്യാ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റില്‍ നാളെ ധാക്കയില്‍ ലോക ക്രിക്കറ്റിലെ ഹൈവോള്‍ട്ടേജ്‌ പോരാട്ടം. ഒരു വര്‍ഷത്തിനും പതിനൊന്നു ദിവസത്തിനും ശേഷം നാളെ ചിരകാല വൈരികളായ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. മിര്‍പ്പൂരിലെ ഷേര ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴുമണി മുതലാണ്‌ മത്സരം. 2015 ക്രിക്കറ്റ്‌ ലോകകപ്പിലാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയത്‌.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ 45 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ നാളെ ടോസിന്‌ ഇറങ്ങുന്നത്‌. ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്‍‌. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കിടയില്‍ ഇരു ടീമുകളിലും നിരവധി മാറ്റങ്ങള്‍ ഉണ്ടായി. ഇരു ടീമുകളും ഏതാനും ചില മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ പാകിസ്ഥാനേക്കളും മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഇന്ത്യ.

ആദ്യ മത്സരത്തില്‍ ലൈനും ലെങ്‌തും പാലിച്ച്‌ പന്തെറിഞ്ഞ ബൗളര്‍മാരിലും മികച്ച ഫോമിലുള്ള ഓപ്പണര്‍ രോഹിത്‌ ശര്‍മയിലുമാണ്  ഇന്ത്യയുടെ പ്രതീക്ഷ. ബംഗ്ലാദേശിനെതിരേ പരാജയപ്പെട്ടെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന്, മധ്യനിര താരം സുരേഷ്‌ റെയ്‌ന, ഉപനായകന്‍ വിരാട്‌ കോഹ്ലി എന്നിവരും പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുള്ള യുവരാജ് സിങ്ങും ചേരുമ്പോള്‍ ഇന്ത്യന്‍ നിരയും സുശക്‌തമാണ്‍.

നായകന്‍ ഷാഹിദ്‌ അഫ്രീദിയുടെ ഓള്‍റൗണ്ട്‌ മികവാണ്‌ പാകിസ്ഥാന്റെ കരുത്ത്‌. ഒപ്പം ഷോയ്‌ബ് മാലിക്ക്‌,  മുഹമ്മദ്‌ ഹാഫീസ് എന്നിവരുടെ പരിചയസമ്പത്തും. ഉമര്‍ അക്‌മല്‍ നേതൃത്വം നല്‍കുന്ന യുവനിരയില്‍ വിക്കറ്റ്‌ കീപ്പര്‍ സര്‍ഫ്രാസ്‌ അഹമ്മദ്‌, ഇമാദ്‌ വാസിം എന്നീ ബാറ്റ്‌സ്മാന്മാരും ശ്രദ്ധേയ താരങ്ങളാണ്‌. കൂടാതെ പരിചയസമ്പന്നരായ മുഹമ്മദ്‌ സമി, മുഹമ്മദ്‌ ഇര്‍ഫാന്‍ എന്നിവരടങ്ങുന്ന പേസ്‌ നിരയ്‌ക്കൊപ്പം വിലക്കില്‍ നിന്ന്‌ വിടുതല്‍ നേടിയെത്തുന്ന മുഹമ്മദ്‌ ആമിറും സ്‌പിന്‍ വിഭാഗം കൈാര്യം ചെയ്യാന്‍ അഫ്രീദിയും മാലിക്കും ചേരുന്നതോടെ ബൌളിംങ്ങ് നിരയും ശക്തമാണ്‍.