ധോണി നായകസ്ഥാനത്ത് കടിച്ചു തൂങ്ങുന്നു; കോഹ്‌ലിയെ നായകനാക്കണമെന്ന് ചാപ്പല്‍

Webdunia
തിങ്കള്‍, 25 ജനുവരി 2016 (18:01 IST)
മഹേന്ദ്ര സിംഗ് ധോണിയെ കുറ്റപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ നായകനുമായിരുന്ന ഇയാന്‍ ചാപ്പല്‍ രംഗത്ത്. ധോണിയുടെ നായകസ്ഥാനം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. അദ്ദേഹം നായകസ്ഥാനത്ത് കടിച്ച് തൂങ്ങുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ മറികടക്കാന്‍ വിരാട് കോഹ്‌ലിയെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നായകന്‍‌മാര്‍ക്കും കാലാവധിയുണ്ട് അത് കഴിയുബോള്‍ അവര്‍ എല്ലാ അര്‍ഥത്തിലും ബാധ്യതയായി തീരും. ധോണിക്ക് ടീമില്‍ പരിഗണം ലഭിച്ചിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ആ സാഹചര്യം മാറിവരുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനം അതിന് ഉത്തമ ഉദ്ദാഹരണമാണ്. ബൗളര്‍മാരില്‍ ആവേശം പകരാന്‍ ധോണിക്ക് കഴിയുന്നില്ലെന്നും ചാപ്പല്‍ പറഞ്ഞു.

നായകസ്ഥാനത്തേക്ക് പകരക്കാര്‍ ഇല്ലാത്ത നിലയിലല്ല ഇന്ത്യന്‍ ടീം. ടെസ്റ്റില്‍ നായകനായി കഴിവ് തെളിയിച്ച കോഹ്ലി ആക്രമണ ശൈലി പിന്തുടരുന്ന നായകനാണെന്നും ചാപ്പല്‍ വ്യക്തമാക്കി.