ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ലാന്‍സ് ക്ലൂസ്‌നര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലൂസെനര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കെതിരായ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പ്രതീക്ഷയുണ്ടെന്നും ക്ലൂസെനര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ താരങ്ങളെ പുകഴ്‌ത്തി പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സൗരവ് ഗാംഗുലിയെ പോലെയാണ് പെരുമാറുന്നതെന്ന് ഓസീസ് മുന്‍ താരം സ്റ്റീവ് വോ പറഞ്ഞിരുന്നു.
ആക്രമണോത്സുക നിലനിര്‍ത്തി കളിക്കുന്ന താരമാണ് കോഹ്‌ലി. ചില സമയങ്ങളില്‍ മുഖത്ത് തുറിച്ചു നോക്കുകയും ചിലപ്പോള്‍ അലോസരപ്പെടുത്തുകയും ചെയ്യുന്ന താരമായിരുന്നു ഗാംഗുലി. ഗാംഗുലിയുടെ ഈ ശൈലിയാണ് ചിലപ്പോള്‍ കോഹ്‌ലിയില്‍ കാണുന്നതെന്നും സ്റ്റീവ് വോ പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് സച്ചിന്‍ തെണ്ടുല്‍ക്കറെ ഓര്‍മ വരുന്നതായും സ്റ്റീവ് വോ പറഞ്ഞു. സച്ചിന്റെ എല്ലാം തികഞ്ഞ സാങ്കേതിക മികവാണ് രഹാനെയില്‍ ഉള്ളതെന്നും സ്റ്റീവ് വോപറഞ്ഞു. തനിക്ക് ഇത് വെറുതെ തോന്നുന്നതല്ലെന്ന് പറഞ്ഞ സ്റ്റീവ് വോ, രഹാനെ സച്ചിനെ മാതൃകയാക്കി കളിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞിരുന്നു.