അവസാന ഓവറിൽ ഏറ്റവുമധികം സിക്‌സുകൾ, അപൂർവ റെക്കോഡ്, എതിരാളികൾ ബഹുദൂരം പിന്നിൽ

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (16:29 IST)
ഐപിഎല്ലിൽ അടുത്തിടെയായി മോശം ഫോമിലാണെങ്കിലും എംഎസ് ധോണിയുടെ ഫിനിഷിങ് മികവിനെ പറ്റി വിമർശകർക്ക് പോലും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. അവസാന പന്തിൽ സിക്‌സടിച്ച് ഫിനിഷ് ചെയ്യുന്നതിൽ പ്രത്യേക കഴിവ് തന്നെ ധോണിക്കുണ്ട്. ഈ കഴിവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരത്തിലെ അവസാന ഓവറിൽ ധോണി നേടിയ കൂറ്റൻ സിക്‌സർ.
 
കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരായ സിക്‌സറിലൂടെ ഒരു അപൂർവ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. ഐപിഎല്ലിൽ അവസാന ഓവറിൽ 50 സിക്‌സുകൾ നേടിയ ആദ്യ താരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എംഎസ് ധോണി. 30 സിക്‌സറുകളുമായി മുംബൈ ഇന്ത്യൻസ് താരം കിറോൺ പൊള്ളാർഡും 23 സിക്‌സറുകളുമായി മുംബൈയുടെ തന്നെ താരങ്ങളായ രോഹിത് ശർമയും ഹാർദ്ദിക് പാണ്ഡ്യയുമാണ് ധോണിക്ക് പിന്നിലുള്ളത്.
 
21 സിക്‌സറുകളുമായി ചെന്നൈയുടെ രവീന്ദ്ര ജഡേജയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.ധോണിയുടെ 50ല്‍ 23 സിക്‌സുകളും റണ്‍സ് പിന്തുടരുമ്പോഴായിരുന്നു. ചേസിംഗിനിടെ 10 സിക്‌സില്‍ അധികം മറ്റാരും നേടിയിട്ടില്ല എന്നതും ധോണിയുടെ റെക്കോര്‍ഡിന്‍റെ മാറ്റ് കൂട്ടുന്നു. അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ് വിക്കറ്റ് കീപ്പറായി 100 ക്യാച്ചുകൾ എന്ന നേട്ടവും മത്സരത്തിൽ ധോണി സ്വന്തമാക്കി. ഐപിഎല്ലിൽ ആകെ 123 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article