ജഡേജ റൺസടിച്ച് കൂട്ടുന്നത് യുവതാരങ്ങൾക്കെതിരെ, മുൻനിര ബൗളർമാർക്കെതിരെ മുട്ടിടിക്കും: വീണ്ടും മഞ്ജരേക്കർ

വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:31 IST)
ക്രിക്കറ്റിൽ എത്രയെല്ലാം മികച്ച പ്രകടനങ്ങൾ നടത്തിയാലും ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ വിമർശിക്കാൻ എപ്പോഴും സമയം കണ്ടെത്തലാണ് മുൻ ഇന്ത്യൻ താരമായ സഞ്ജയ് മഞ്ജരേക്കറുടെ സ്ഥിരം പരിപാടി. ജഡേജ ഒരു ബിറ്റ്‌സ് ആൻഡ് പീസസ് ക്രിക്കറ്ററാണ് എന്ന മഞ്ജരേക്കറുടെ കമന്റിന് മൈതാനത്ത് വെച്ച് ജഡേജ ഒരിക്കൽ മറുപടി നൽകിയതുമാണ്.
 
ഇപ്പോഴിതാ ചെന്നൈനിരയിൽ ജഡേജയുടെ ബാറ്റിംഗ് അത്ര പോരെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മീഡിയം പേസര്‍മാര്‍ക്കെതിരേയാണ് ജഡേജ കൂടുതലും റണ്‍സെടുത്തിട്ടുള്ളതെന്നും വേഗത കൂടിയ ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന് ഇത് സാധിക്കുമോ എന്നത് സംശയമണെന്നും മഞ്ജരേക്കർ പറഞ്ഞു.
 
പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെപ്പോലെയുള്ള ബോളര്‍മാര്‍ക്കെതിരേയാണ് ജഡേജ റൺസടിച്ച് കൂട്ടിയത്. അഗ്രസീവായി ബോള്‍ ചെയ്യുന്ന ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ ജഡേജയ്ക്കു ഇതേ അറ്റാക്കിംഗ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമോയെന്ന് കാണേണ്ടിയിരിക്കുന്നു. മഞ്ജരേക്കർ പറഞ്ഞു.
 
2021 ഐപിഎൽ സീസണിൽ 8 ഇന്നിങ്സുകളിൽ നിന്നും 60 ശരാശരിയിൽ 179 റൺസാണ് ജഡേജ സ്വന്തമാക്കിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍