Travis Head and Mohammed Siraj: അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പരസ്പരം കൊമ്പുകോര്‍ത്ത ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റേയും ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡിന്റേയും ചെവിക്കു പിടിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സിറാജിനു മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. ഐസിസി പെരുമാറ്റച്ചട്ട പ്രകാരം സിറാജ് ചെയ്തത് കുറ്റകരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സിറാജ് പ്രകോപനപരമായ വാക്കുകളും ആംഗ്യവും കാണിച്ചെന്നാണ് ഐസിസി കണ്ടെത്തിയത്.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ 2.13 നിയമം ട്രാവിസ് ഹെഡ് ലംഘിച്ചതായും കണ്ടെത്തി. സിറാജിനൊപ്പം ഹെഡിനും ഐസിസിയുടെ ഡിമെറിറ്റ് പോയിന്റ് ലഭിച്ചു. ഇരുവരുടെയും പെരുമാറ്റം അതിരുകടന്നെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സിലെ 82-ാം ഓവറിലാണ് നടപടിക്ക് ആസ്പദമായ സംഭവം. സിറാജ് എറിഞ്ഞ അഞ്ചാം പന്തില്‍ ട്രാവിസ് ഹെഡ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഹെഡിനെ പുറത്താക്കിയതിനു പിന്നാലെ സിറാജ് 'ചൂടേറിയ' യാത്രയയപ്പ് നല്‍കി. 'ഡ്രസിങ് റൂമിലേക്ക് കയറി പോ' എന്നു പോലും സിറാജ് ഹെഡിനെ നോക്കി പറഞ്ഞു. ദേഷ്യം വന്ന ഹെഡും സിറാജിനോടു കയര്‍ത്തു സംസാരിച്ചു. തങ്ങളുടെ താരത്തിനെതിരെ സ്ലെഡ്ജിങ് നടത്തിയ മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ചേര്‍ന്നാണ് ഒടുവില്‍ സിറാജിനെ ശാന്തനാക്കിയത്.