Mohammed Siraj: അവിടേം കണ്ടു...ഇവിടേം കണ്ടു..! പന്തെറിഞ്ഞ ശേഷം ഫോര്‍ തടയാന്‍ ബൗണ്ടറി ലൈന്‍ വരെ ഓടി സിറാജ്; ചിരിയടക്കാനാകാതെ കോലി (വീഡിയോ)

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (10:45 IST)
Mohammed Siraj: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. പേസര്‍ മുഹമ്മദ് സിറാജിന്റെ തീപ്പൊരി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഓരോവറില്‍ വീഴ്ത്തിയ നാല് വിക്കറ്റ് അടക്കം ആറ് വിക്കറ്റുകളാണ് സിറാജ് ഫൈനലില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ വെറും 50 റണ്‍സിന് ഓള്‍ഔട്ടാക്കുകയും ചെയ്തു. 
 
ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ ശേഷം ഇന്നിങ്‌സിലെ നാലാം ഓവര്‍ എറിയാന്‍ എത്തിയതാണ് സിറാജ്. തന്റെ രണ്ടാം ഓവറില്‍ നാല് വിക്കറ്റുകള്‍ സിറാജ് വീഴ്ത്തി. ആദ്യ ബോളില്‍ തന്നെ പതും നിസങ്കയെ പുറത്താക്കിയാണ് സിറാജ് ശ്രീലങ്കയ്ക്ക് പ്രഹരമേല്‍പ്പിച്ചത്. രണ്ടാം ബോള്‍ സദീര സമരവിക്രമ ഡോട്ട് ബോളാക്കി. മൂന്നാം പന്തില്‍ സമരവിക്രമയെ പുറത്താക്കി സിറാജ് വീണ്ടും ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. 
 
തൊട്ടടുത്ത പന്തില്‍ തന്നെ ചരിത് അസലങ്കയേയും സിറാജ് കൂടാരം കയറ്റി. പിന്നീട് ഹാട്രിക്കിനുള്ള അവസരമായിരുന്നു. എന്നാല്‍ മിഡ് ഓണില്‍ ബൗണ്ടറി നേടി ധനഞ്ജയ ഡി സില്‍വ സിറാജിന്റെ ഹാട്രിക് അവസരം ഇല്ലാതാക്കി. ഡി സില്‍വയുടെ ബൗണ്ടറി തടയാന്‍ സിറാജ് ഓടിയ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഡി സില്‍വ മിഡ് ഓണിലേക്ക് ഷോട്ട് പായിച്ച ഉടനെ സിറാജ് പന്തിനു പിന്നാലെ ഓട്ടം തുടങ്ങി. ആ ഓട്ടം അവസാനിച്ചത് ബൗണ്ടറി ലൈനും കടന്നാണ്. നിര്‍ഭാഗ്യം കൊണ്ട് സിറാജിന് ആ ബൗണ്ടറി തടയാന്‍ സാധിച്ചതുമില്ല. സിറാജിന്റെ ഓട്ടം കണ്ട് വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സിറാജും ചിരിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം തന്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഡി സില്‍വയെ കൂടി പുറത്താക്കി സിറാജ് ഒരൊറ്റ ഓവറില്‍ നാല് വിക്കറ്റ് സ്വന്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article