മാനസികമായി തളര്‍ന്നു, സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇഷാന്‍ കിഷന്‍ പിന്‍വാങ്ങിയതിന്റെ കാരണം പുറത്ത്

Webdunia
ശനി, 23 ഡിസം‌ബര്‍ 2023 (11:50 IST)
വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20,,ടെസ്റ്റ് പരമ്പരകളില്‍ നിന്നും വിക്കറ്റ് കീപ്പര്‍ താരമായ ഇഷാന്‍ കിഷന്‍ പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പരമ്പരയില്‍ നിന്നും എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്ന കാരണം ഇഷാന്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്നും താത്കാലികമായ ഇടവേള എടുക്കാനാണ് ഇഷാന്‍ മാറിനിന്നതെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസ്. മാനസികമായി താരം തളര്‍ന്ന നിലയിലാണെന്നും ഇതാണ് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കാന്‍ ഇഷാനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ശുഭ്മാന്‍ ഗില്‍ ഡെങ്കിയില്‍ നിന്നും തിരിച്ചെത്തിയതോടെ ഇഷാന്റെ സ്ഥാനം നഷ്ടമായിരുന്നു.ഇതോടെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കുന്നില്ലെന്നും ചെറിയ ഇടവേള എടുക്കുകയാണെന്നും ഇഷാന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. ഇഷാന്റെ അസാന്നിധ്യത്തില്‍ കെ എസ് ഭരതിനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കെ എല്‍ രാഹുലായിരിക്കും പരമ്പരയില്‍ ഇന്ത്യയുടെ പ്രധാനകീപ്പര്‍. ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ജനുവരി 3നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article