ഇത്തവണ ഇരട്ടസെഞ്ച്വറി! ഇത് രണ്ടാം ബ്രാഡ്മാനെന്ന് ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ
ശനി, 4 ജനുവരി 2020 (14:40 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തൊട്ടതെല്ലാം പൊന്നാക്കി ക്രിക്കറ്റിലെ പുതിയ സെൻസേഷനായി മാറിയിക്കുകയാണ് ഓസീസ് താരം മാർനസ് ലംബുഷ്‌നെ. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്ന സ്റ്റീവ് സ്മിത്തിനെ പോലും പിന്തള്ളിയാണ് ലംബുഷ്‌നെയുടെ കുതിപ്പ്. ഏറ്റവും ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ കളിക്കാരിൽ ഏറ്റവും ഉയർന്ന ശരാശരിയുള്ള താരമെന്ന സ്മിത്തിന്റെ റെക്കോഡ് കൂടി വെട്ടിച്ചുകൊണ്ട് ബ്രാഡ്മാനു പിന്നിൽ രണ്ടാമനായി സ്ഥാനം പിടിച്ചിരിക്കുകയാണ് ഓസീസ് യുവതാരം.
 
ന്യൂസിലൻഡിനെതിരെ സിഡ്നിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ തന്റെ ആദ്യ ഇരട്ടസെഞ്ച്വറി കൂടി കണ്ടെത്തിയിരിക്കുകയാണ് ഓസീസ് യുവതാരമിപ്പോൾ. 363 പന്തിൽ 215 റൺസാണ് മത്സരത്തിൽ ലംബുഷ്‌നെ അടിച്ചെടുത്തത്. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ ഉയർന്ന രണ്ടാമത്തെ ശരാശരിയെന്ന സ്റ്റീവ് സ്മിത്തിന്റെ റെക്കോഡാണ് ലംബുഷ്‌നെ പിന്തള്ളിയത്. 63.63 ആണ് ലംബുഷ്‌നെയുടെ ബാറ്റിങ് ശരാശരി. 62.84 ആണ് സ്മിത്തിന്റെ ബാറ്റിങ് ശരാശരി.
 
ഇതുകൂടാതെ ടെസ്റ്റിൽ മൂന്നാമതിറങ്ങി ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഓസീസ് താരം കൂടിയാണ് ലംബുഷ്‌നെ. ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന 38ആമത്തെ ഓസ്ട്രേലിയൻ താരം കൂടിയാണ് അദ്ദേഹം. വെറും 14 മത്സരങ്ങളിൽ നിന്നായി 1400 റൺസ് സ്വന്തമാക്കിയ താരം അവിസ്മരണീയമായ പ്രകടനമാണ് കഴിഞ്ഞ നവംബറിന് ശേഷം കാഴ്ചവെക്കുന്നത്. നവംബറിന് ശേഷം ടെസ്റ്റിൽ ഒരു സെഞ്ച്വറിയും രണ്ട് തവണ 150ന് മുകളിൽ സ്കോറും ഒരു ഡബിൾ സെഞ്ച്വറിയും താരം ഇതുവരെ അടിച്ചെടുത്തു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article