ഇന്ത്യക്ക് ക്രിക്കറ്റ് ടീമിന് ഒരു പിടി റേക്കോഡ് നേട്ടങ്ങള്‍ നേടി കൊടുത്ത മഹേന്ദ്രസിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കാനുള്ള കാരണം ടീമിലെ പടലപിണക്കവും, ഒറ്റപ്പെടലുമാണെന്ന് റിപ്പോര്‍ട്ട്. ടീം ചേരി തിരയുന്ന ഘട്ടത്തിലാണ് ക്യാപ്‌റ്റന്‍ കൂള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയതെന്നാണ് ഡ്രസിംഗ് റൂമില്‍ നിന്നും ഉയരുന്ന പുതിയ അഭ്യൂഹം.
ടീമിന്റെ തലപ്പത്തേക്ക് രവിശാസ്‌ത്രി എത്തിയതും, ആദ്യ ടെസ്‌റ്റില്‍ തോറ്റെങ്കിലും വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ആക്രമണോത്സക ബാറ്റിംഗ് ടീം കാഴ്ച് വെച്ചതും ധോണിക്ക് തിരിച്ചടിയായി. ഇതോടെ രവിശാസ്‌ത്രിയും കോഹ്ലിയും വളരെ അടുത്തതും, ടീമിലെ നല്ല ഒരു വിഭാഗം താരങ്ങളും കോഹ്‌ലി പക്ഷത്ത് ചേര്‍ന്നതും ക്യാപ്‌റ്റന്‍ കൂളിനെ സമ്മര്‍ദ്ദത്തിലാക്കി. കൂടാതെ പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചറും ഏതാണ്ട് ഔട്ടായ പോലെയായി. ഈ സാഹചര്യത്തില്‍ ടീം ചേരി തിരയുമെന്ന തോന്നലാണ് ധോണിയെ പടിയിറക്കിവിട്ടതെന്നാണ് സൂചന.
കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റതിന് പിന്നാലെ മൂന്നാം മത്സരം സമനിലയായതോടെ പരമ്പര ഓസീസ് നേടി. അതുകൊണ്ട് തന്നെ ഇനിയത്തെ മത്സരത്തിന് പ്രസക്‌തി ഇല്ലാതാകുകയും ചെയ്‌തു. വരും മത്സരങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ ധോണി കുപ്പായം അഴിച്ചതിന് പിന്നിലുള്ള കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ട്.