Wiaan Mulder: ലാറയുടെ 21 വർഷം പഴക്കമുള്ള റെക്കോർഡ് സേഫ്, അപ്രതീക്ഷിത ഡിക്ലറേഷൻ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക, ചരിത്രനേട്ടം മുൾഡർ കൈവിട്ടത് 34 റൺസകലെ

അഭിറാം മനോഹർ

തിങ്കള്‍, 7 ജൂലൈ 2025 (16:24 IST)
Wiaan Mulder
ക്രിക്കറ്റ് ലോകത്ത് എക്കാലവും ആരെകൊണ്ടും തകര്‍ക്കാനാവില്ലെന്ന് തോന്നിപ്പിക്കുന്ന പല റെക്കോര്‍ഡുകളും പിറക്കാറുണ്ട്. ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 100 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡ്, 800 ടെസ്റ്റ് വിക്കറ്റുകളെന്ന മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡ്, ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി. അക്കൂട്ടത്തില്‍ പെടുത്തിയിരുന്ന ഒന്നാണ് വെസ്റ്റിന്‍ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും. എന്നാല്‍ സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബ്രയാന്‍ ലാറയുടെ 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തെറിയാനുള്ള അവസരം ലഭിച്ചിട്ടും അത് കൈവിട്ട് കളഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരമായ വിയാന്‍ മുള്‍ഡര്‍.
 
 
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ഐതിഹാസികമായ പ്രകടനമാണ് മുള്‍ഡര്‍ നടത്തിയത്. മത്സരത്തില്‍ സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ തന്നെ ഓപ്പണര്‍മാരായ ടോണി ഡി സോഴ്‌സി(10), ലെസേഗോ സെനോക്വാനെ(3) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ഒത്തുച്ചേര്‍ന്ന ബെഡിങ്ഹാം- മുള്‍ഡര്‍ സഖ്യമാണ് ദക്ഷിനാഫ്രിക്കയെ കരകയറ്റിയത്. 82 റണ്‍സുമായി ബെഡിങ്ഹാം മടങ്ങിയെങ്കിലും പ്രിട്ടോറിയസിനെ കൂട്ടുപിടിച്ച് മുള്‍ഡര്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. 78 റണ്‍സെടുത്ത പ്രിട്ടോറിയസ് മടങ്ങിയെങ്കിലും മത്സരത്തിന്റെ ആദ്യ ദിനം മുള്‍ഡര്‍ തന്റെ ആദ്യ ഇരട്ടസെഞ്ചുറി മത്സരത്തില്‍ സ്വന്തമാക്കി.
 
 മുള്‍ഡറിന് പിന്നാലെ ക്രീസിലെത്തിയ ഡെവാള്‍ഡ് ബ്രെവിസ് നന്നായി തുടങ്ങിയെങ്കിലും 30 റണ്‍സെടുത്ത് നില്‍ക്കെ താരവും മടങ്ങി. ഇതിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചുറിയും താരം സ്വന്തമാക്കി. ഇതിനകം തന്നെ ടീം സ്‌കോര്‍ 500 പിന്നിടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ബ്രെവിസിന് ശേഷം ക്രീസിലെത്തിയ കെയ്ല്‍ വറെയ്‌നും മികച്ച പ്രകടനമാണ് നടത്തിയത്. ഒരറ്റത്ത് മുള്‍ഡറിന് പിന്തുണ നല്‍കികൊണ്ട് കെയ്ല്‍ വറെയ്‌നും സ്‌കോര്‍ ഉയര്‍ത്തി. വറെയ്‌നിന്റെ പിന്തുണയുടെ കൂടി ബലത്തില്‍ 334 പന്തില്‍ നിന്ന് 49 ബൗണ്ടറികളുടെയും 4 സിക്‌സുകളുടെയും അകമ്പടിയില്‍ 367 റണ്‍സാണ് മുള്‍ഡര്‍ നേടിയത്. ടെസ്റ്റില്‍ ലാറയുടെ 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കാന്‍ വെറും 34 റണ്‍സ് മതിയെന്ന ഘട്ടത്തിലാണ് മുള്‍ഡര്‍ ഇന്നിങ്ങ്‌സ് ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്. 5 വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍