സൗത്താഫ്രിക്കയിൽ നാഴികകല്ലുകൾ സ്ഥാപിക്കാനൊരുങ്ങി കോലിയും അശ്വിനും: കാത്തിരിക്കുന്ന നേട്ടങ്ങൾ ഇവ

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (20:11 IST)
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് സീരീസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ടീമെന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടാണ് ഇക്കുറി ഇന്ത്യൻ ടീം സൗത്താഫ്രിക്കൻ മണ്ണിൽ കാലുകുത്തുന്നത്. സമീപ കാലത്തെ മികച്ച പ്രകടനവും ഇംഗ്ലണ്ടിലും ഓസീസിലും പരമ്പരകൾ നേടാനായതും ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
 
രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും ശക്തമാണ് ഇന്ത്യൻ നിര. അതേസമയം നിരവധി നാഴികകല്ലുകൾ ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യൻ താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ കാലുകുത്തുന്നത്. സൂപ്പർ താരങ്ങളെ കാത്തിരിക്കുന്ന നാഴികകല്ലുകൾ എന്തെല്ലാമെന്ന് നോക്കാം.
 
അഞ്ച് ടെസ്റ്റിൽ നിന്നും 558 റണ്‍സും രണ്ട് സെഞ്ച്വറിയും നേടിയിട്ടുള്ള  ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോഡാണൂള്ളത്. ദക്ഷിണാഫ്രിക്കയില്‍ 199 റണ്‍സ് കൂടി നേടിയാല്‍ 8000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്ക് സാധിക്കും. നിലവില്‍ 97 മത്സരത്തില്‍ നിന്ന് 50.65 ശരാശരിയില്‍ 7801 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.ക്ഷിണാഫ്രിക്കയ്‌ക്കെതിരേ 12 മത്സരത്തില്‍ നിന്ന് 1075 റണ്‍സാണ് അദ്ദേഹം നേടിയിട്ടുണ്ട്.
 
അതേസമയം പരമ്പരയിൽ 5 വിക്കറ്റുകൾ സ്വന്തമാക്കാനായാൽ 200 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലെത്താന്‍ ഷമിക്കാവും. നിലവില്‍ 54 മത്സരത്തില്‍ നിന്ന് 195 വിക്കറ്റാണ് ഷമിയുടെ പേരിലുള്ളത്. അതേസമയം 427 ടെസ്റ്റ് വിക്കറ്റുകളുള്ള ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിന് റിച്ചാർഡ് ഹാഡ്ലി(431),രങ്കന ഹരാത്ത് (433),കപില്‍ ദേവ് (434),ഡെയ്ല്‍ സ്റ്റെയിന്‍ (439) എന്നിവരുടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തെ മറികടക്കാനുള്ള അവസരമാണ്.
 
അതേസമയം പുജാരക്കും രഹാനെക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് മുന്നിലുള്ളത്. പുജാര 14 മത്സരത്തില്‍ നിന്ന് 758 റണ്‍സും രഹാനെ 10 മത്സരത്തില്‍ നിന്ന് 748 റണ്‍സുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍