ആഷസ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തുരത്തി ഓസ്ട്രേലിയ: വിജയം 275 റൺസിന്

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (16:02 IST)
ആഷസിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തുരത്തി ഓസ്ട്രേലിയ. രണ്ടാമിന്നിങ്‌സില്‍ 468 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 275 റൺസിനാണ് ചിരവൈരികളായ ഇംഗ്ലണ്ടിനെതിരെ ഓസീസിന്റെ വിജയം.
 
മത്സരത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെ റിച്ചാര്‍ഡ്‌സണ്‍ന്റെ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതവും മൈക്കൽ നെസെർ ഒരു വിക്കറ്റും വീഴ്‌ത്തി.44 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. റോറി ബേണ്‍സ് 34 റണ്‍സെടുത്തപ്പോള്‍ ജോസ് ബട്‌ലര്‍ 26 റണ്‍സെടുത്തു. 
 
മത്സരത്തിൽ നാലു റൺസിന് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നേടാൻ ഓസീസ് നിരയ്ക്കായി. ഒരു ഉജ്ജ്വലമായ ബ്ലോക്കത്തണിലൂടെ ജോസ് ബട്ട്‌ലർ ക്രിസ് വോക്‌സ് സഖ്യം കളി സമനിലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു.
 
നേരത്തെ ഒമ്പതു വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ ഓസീസ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മാര്‍നസ് ലബുഷെയ്ന്‍ (51), ട്രാവിഡ് ഹെഡ് (51) എന്നിവർ ഓസീസിനായി അർധസെഞ്ചുറി കണ്ടെത്തി. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 473 റണ്‍സിനെതിരേ ഇംഗ്ലണ്ട് 236 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍