എല്ലാ ഫോര്‍മാറ്റിലും ഇനി മധ്യനിര ബാറ്റര്‍; രാഹുലിനെ ഓപ്പണറാക്കില്ല !

വ്യാഴം, 14 ഡിസം‌ബര്‍ 2023 (10:35 IST)
കെ.എല്‍.രാഹുല്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ മധ്യനിര ബാറ്ററായി ഇറങ്ങും. ഒരു ഫോര്‍മാറ്റിലും ഇനി ഓപ്പണര്‍ സ്ഥാനം ലഭിക്കില്ല. മധ്യനിരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാഹുലിന് ടീം മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. മധ്യനിര ബാറ്റര്‍ എന്ന നിലയില്‍ രാഹുല്‍ ഏകദിന ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനു പിന്നില്‍. 
 
ഏകദിന ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി രാഹുല്‍ തുടരും. രോഹിത് ശര്‍മയ്ക്ക് ശേഷം ഏകദിനത്തില്‍ നായകസ്ഥാനത്തേക്കും രാഹുലിനെ പരിഗണിക്കുന്നുണ്ട്. അപ്പോഴും താരത്തിനു ഇനി ഓപ്പണര്‍ സ്ഥാനം ലഭിക്കില്ല. ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, യഷസ്വി ജയ്‌സ്വാള്‍ തുടങ്ങി നിരവധി യുവതാരങ്ങളാണ് ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാന്‍ മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ മധ്യനിരയില്‍ ആണ് ആവശ്യമെന്നാണ് മാനേജ്‌മെന്റ് നിലപാട്. 
 
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ രാഹുലുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ അടക്കം രാഹുലിനെ മധ്യനിരയില്‍ ഇറക്കാനും ആലോചനയുണ്ട്. ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് കൂടിയാണ് ഇങ്ങനെയൊരു ആലോചന.
 
ഇന്ത്യക്ക് വേണ്ടി 44 ടെസ്റ്റ് മത്സരങ്ങളിലും 23 ഏകദിനങ്ങളിലും  55 ട്വന്റി 20 മത്സരങ്ങളിലും രാഹുല്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍