KL Rahul vs Mitchell Starc: രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറാകുക കെ.എല്‍.രാഹുല്‍ ആണ്. ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് രാഹുല്‍ ഏറ്റെടുക്കാന്‍ പോകുന്നത്. എന്നാല്‍, സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ രാഹുലിനു സാധിച്ചിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ അമ്പേ പരാജയമായിരുന്നു. എന്നിട്ടും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയ്ക്കുള്ള ടീമില്‍ ഇടം പിടിക്കാന്‍ കാരണം ഓസ്‌ട്രേലിയയില്‍ മുന്‍പ് നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളാണ്.
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രാഹുലിന്റെ പേടിസ്വപ്‌നമാണ്. സ്റ്റാര്‍ക്കിനെ ശ്രദ്ധയോടെ കളിക്കുകയാണ് പെര്‍ത്തില്‍ രാഹുലിനുള്ള പ്രധാന വെല്ലുവിളി. 2015 ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ചാണ് (സിഡ്‌നി ടെസ്റ്റ്) രാഹുല്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയിരിക്കുന്നത്. അതുപോലൊരു ക്ലാസ് ഇന്നിങ്‌സാണ് പെര്‍ത്തില്‍ ഇന്ത്യ കാത്തിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് കഴിഞ്ഞ കുറച്ചുനാളുകളായി ഫോം ഔട്ടിലാണ്. അത് ചെറുതല്ലാത്ത ആശ്വാസം രാഹുലിന് നല്‍കുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 205 പന്തുകളാണ് രാഹുല്‍ ഇതുവരെ നേരിട്ടിരിക്കുന്നത്. സ്‌കോര്‍ ചെയ്തിരിക്കുന്നത് 100 റണ്‍സ് മാത്രം. 161 പന്തുകള്‍ ഡോട്ട് ആണ്. രണ്ട് തവണ സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കിയിട്ടുണ്ട്.