'ബുംറയുടെ തിരിച്ചുവരവോ? എന്താണ് അങ്ങനെ പറയുന്നത് ! എനിക്ക് മനസിലാകുന്നില്ല,'; നീരസവുമായി കെ.എല്‍.രാഹുല്‍

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (10:49 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഒന്‍പത് വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ വീഴ്ത്തിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നിറംമങ്ങിയ പ്രകടനം നടത്തിയ ബുംറയുടെ തിരിച്ചുവരവാണ് ഇംഗ്ലണ്ടില്‍ കണ്ടതെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍, ബുംറയുടെ തിരിച്ചുവരവ് എന്ന പ്രയോഗത്തോട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുലിന് നീരസമുണ്ട്. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് രാഹുല്‍ ചോദിക്കുന്നു. 
 
ബുംറ എപ്പോഴും ടീമിന് വേണ്ടി തന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അങ്ങനെയൊരു താരം തിരിച്ചുവരവ് നടത്തി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് രാഹുല്‍ പറയുന്നത്. മത്സരശേഷം പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 
 
'എന്തുകൊണ്ടാണ് ബുംറ ഒരു തിരിച്ചുവരവ് നടത്തിയെന്ന് നിങ്ങള്‍ പറയുന്നത്? എനിക്ക് മനസിലാകുന്നില്ല ! ഏത് സമയത്തും എല്ലാ സാഹചര്യങ്ങളിലും എല്ലാ കളികളിലും താന്‍ ഒന്നാം നമ്പര്‍ ബൗളര്‍ ആണെന്ന് ബുംറ തെളിയിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ച കാലം മുതല്‍ എന്താണോ അദ്ദേഹം ചെയ്യുന്നത് അത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഞങ്ങള്‍ക്ക് അതില്‍ വലിയ സന്തോഷമുണ്ട്. എവിടെയൊക്കെ കളിച്ചിട്ടുണ്ടോ അവിടെയെല്ലാം ഞങ്ങളുടെ മാച്ച് വിന്നറാണ് അദ്ദേഹം. ടീമിന് വേണ്ടി അദ്ദേഹം വീണ്ടും മികച്ച പ്രകടനം നടത്തിയതില്‍ ഞങ്ങള്‍ അതിയായ സന്തുഷ്ടരാണ്,' രാഹുല്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍