അംപയര്‍മാരെ ഭരിക്കാന്‍ നോക്കുന്നു, അതല്ല അവരുടെ പണി; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് ലോയ്ഡ്

ശനി, 7 ഓഗസ്റ്റ് 2021 (19:38 IST)
അംപയര്‍മാരുടെ അധികാരത്തില്‍ കൈകടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചെന്ന് വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ താരങ്ങളായ കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കെതിരെ ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ് രംഗത്തെത്തി. 'ആരാണ് കളി നിയന്ത്രിക്കുന്നത്? അംപയറോ താരങ്ങളോ?,' ഡേവിഡ് ലോയ്ഡ് ചോദിച്ചു. 
 
ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ചെറിയ തോതില്‍ മഴ പെയ്യുമ്പോഴേക്കും കളി നിര്‍ത്താന്‍ രാഹുലും പന്തും ആവശ്യപ്പെട്ടെന്നാണ് ആരോപണം. അംപയര്‍ മൈക്കിള്‍ ഗോ കളി തുടരാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍, രാഹുലും പന്തും ബാറ്റ് ചെയ്യാന്‍ സമ്മതിക്കാതെ അംപയറോട് പറഞ്ഞ് കളം വിടാന്‍ തുടങ്ങി. ഉടന്‍ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇടപെടുകയായിരുന്നു. കളി തുടരണമെന്നും മഴ അത്ര പ്രശ്‌നമല്ലെന്നും ആന്‍ഡേഴ്‌സണ്‍ വാദിച്ചു. ഉടന്‍ തന്നെ മഴ മാറിനില്‍ക്കുകയും കളി പുനരാരംഭിക്കുകയും ചെയ്തു. ഇത് ശരിയായ സമീപനമല്ലെന്നാണ് ഡേവിഡ് ലോയ്ഡ് പറയുന്നത്. 
 
'അംപയറാണോ താരങ്ങളാണോ കളി നിയന്ത്രിക്കുന്നത്? അധികനേരം പെയ്യുന്ന മഴയായിരുന്നില്ല അത്. പക്ഷേ, ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. മനസില്ലാമനസോടെ അംപയര്‍ മൈക്കിള്‍ ഗോ ഇന്ത്യന്‍ താരങ്ങളെ പോകാന്‍ അനുവദിക്കേണ്ടിവന്നു. താരങ്ങള്‍ പറഞ്ഞെന്ന് കരുതി അംപയര്‍ അങ്ങനെ ചെയ്യരുത്. അതല്ല അദ്ദേഹത്തിന്റെ ജോലി,' ഡേവിഡ് ലോയ്ഡ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍