പ്രായം 40 ആയി പക്ഷേ എഴുതി‌തള്ളാൻ വരട്ടെ, ഐപിഎല്ലിൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് ധോനി

Webdunia
ഞായര്‍, 27 മാര്‍ച്ച് 2022 (14:25 IST)
നാൽപതാം വയസിലും ഇനിയുമൊരങ്കത്തിനുള്ള ബാല്യം തന്നിൽ അവശേഷിക്കുന്നുണ്ടെന്ന് തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ തല. മറ്റ് ബാറ്റ്സ്മാന്മാരെല്ലാം റൺസ് കണ്ടെത്തുന്നതിൽ പാടുപെട്ടപ്പോൾ ക്രിക്കറ്റ് ലോകം റൺസ് കണ്ടെത്തില്ല എന്ന് വിധിയെഴുതിയ മഹേന്ദ്ര സിങ് ധോനിയെയാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലേക്ക് കൈപിടിച്ചുയർത്തിയത്..
 
ഏഴാമനായി ക്രീസിലെത്തിയ ധോനി പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും ഇന്നിങ്സ് അവസാനിക്കുമ്പോൾ 38 പന്തിൽ നിന്നും 50 റൺസാണ് അടിച്ചെടുത്തത്. അപരാജിതമായ ആറാം വിക്കറ്റില്‍ ജഡേജയെ കൂട്ടുപിടിച്ച് 70 റണ്‍സ് ധോണി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 56 ബോളുകളില്‍ നിന്നായിരുന്നു ഈ നേട്ടം.
 
രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു ധോനിയുടെ ഐപിഎൽ ഫി‌ഫ്‌റ്റി, കഴിഞ്ഞ രണ്ട് സീസണുകളിലായി താരത്തിന്റെ നിഴൽ മാത്രമായിരുന്നു മൈതാനത്ത് കാണാനായത്. ഇനിയൊരു ഫി‌ഫ്‌റ്റി താരത്തിൽ നിന്നും ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും കരുതിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ തന്നിൽ ഇപ്പോഴും ആ പഴയ ധോനി അവശേഷിക്കുന്നുവെന്ന പ്രഖ്യാപനമായിരുന്നു ഇന്നലെ മുൻ ഇന്ത്യൻ നായകൻ നടത്തിയത്.
 
മത്സരത്തിൽ മിന്നൽ പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡും എംഎസ് ധോണി തന്റെ പേരിലാക്കി. ഐപിഎൽ ടൂർണമെന്റിൽ ഫിഫ്‌റ്റി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ധോനി.ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.
 
40 വയസ്സും 116 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ദ്രാവിഡ് ഫിഫ്റ്റിയുമായി റെക്കോര്‍ഡിട്ടത്. ഇതാണ് 40 വയസ്സും 262 ദിവസവും പ്രായമുള്ള ധോണി തിരുത്തിയെഴുതിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article