നായകസ്ഥാനം ഒഴിഞ്ഞ് വില്യംസൺ, ന്യൂസിലൻഡ് ബോർഡുമായി കരാർ പുതുക്കിയില്ല, ഞെട്ടലിൽ ക്രിക്കറ്റ് ലോകം

അഭിറാം മനോഹർ
ബുധന്‍, 19 ജൂണ്‍ 2024 (12:39 IST)
Williamson
ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്തായതിന് പിന്നാലെ ന്യൂസിലൻഡ് നായകസ്ഥാനം ഒഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന,ടി20 ടീമുകളുടെ നായകസ്ഥാനമാണ് വില്യംസൺ ഒഴിഞ്ഞത്. നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ 2024-25 സീസണിലേക്കുള്ള പുതിയ കരാർ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായി ഒപ്പിടാനും താരം വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. 
 
33കാരനായ വില്യംസൺ ന്യൂസിലൻഡിൻ്റെ എക്കാലത്തെയും മികച്ച ബാറ്ററാണ്. ടീമിനെ മുന്നോട്ട് നയിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് അത് തുടരുമെന്നും എന്നാൽ ന്യൂസിലൻഡിലെ വേനൽക്കാലത്ത് വിദേശലീഗുകളിൽ കളിക്കാനുള്ള അവസരം തേടുന്നതായും വില്യംസൺ പറഞ്ഞു. കിവികൾക്കായി കളിക്കുന്നത് അമൂല്യമായാണ് കാണുന്നത്. ക്രിക്കറ്റിന് പുറത്തുള്ള ജീവിതം ഒരുപാട് മാറി. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു. വില്യംസൺ പറഞ്ഞു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള താരങ്ങളെ ടീമിൽ പരിഗണിക്കുന്നതിൽ മുൻഗണനയുണ്ടാകും. വില്യംസൺ കരാർ പുതുക്കിയിട്ടില്ലെങ്കിലും താരത്തിന് ഇളവ് നൽകുമെന്നും ബോർഡ് സിഇഒ സ്കോട്ട് വീനിങ്ക് വ്യക്തമാക്കി.
 
 2022ൽ തന്നെ ന്യൂസിലൻഡ് ടെസ്റ്റ് ടീം നായകസ്ഥാനം കെയ്ൻ വില്യംസൺ ഒഴിഞ്ഞിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകസ്ഥാനം ഒഴിഞ്ഞതോടെ ആരായിരിക്കും പുതിയ നായകനെന്ന കാര്യം വ്യക്തമല്ല. 100 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 54.99 ശരാശരിയിൽ 32 സെഞ്ചുറികളും 6 ഇരട്ടസെഞ്ചുറികളും അടക്കം 8743 റൺസും 165 ഏകദിനങ്ങളിൽ 13 സെഞ്ചുറികളടക്കം 6811 റൺസും 93 ടി20 മത്സരങ്ങളിൽ നിന്നും 18 അർധസെഞ്ചുറികളടക്കം 2575 റൺസും താരം നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article