ദീപ്തി ശർമ്മയെ നിർത്തിപൊരിച്ചവർ മാത്യു വെയ്ഡ് ചെയ്തത് കാണുന്നില്ലെ? ഓസീസ് ചതിക്ക് ബട്ട്‌ലർ എന്തിന് മാപ്പ് കൊടുത്തു?

Webdunia
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:51 IST)
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 പരമ്പരയിൽ എട്ട് റൺസിന് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 209 പിന്തുടർന്ന ഓസീസിന് 20 ഓവറിൽ 200 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അതേസമയം മത്സരത്തിൽ ഓസീസ് കീപ്പർ ബാറ്ററായ മാത്യു വെയ്ഡിൻ്റെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
 
മത്സരത്തിൽ ഇംഗ്ലണ്ട് താരം മാർക്ക് വുഡ് എറിഞ്ഞ പന്ത് വേഡിൻ്റെ ബാറ്റിൽ ടോപ്പ് എഡ്ജ് എടുക്കുകയും ബാറ്റിങ് ക്രീസിനടുത്ത് ഉയർന്നുപൊങ്ങുകയുമായിരുന്നു. ബൗളറായ മാർക്ക് വുഡ് ക്യാച്ചെടുക്കാനായി മുന്നോട്ട് വന്നതും മാത്യൂ വെയ്ഡ് മനപ്പൂർവം കൈകൾ ഉപയോഗിച്ച് വുഡിനെ തടയുകയായിരുന്നു. ഇതോടെ ഉറപ്പായ ക്യാച്ച് മാർക്ക് വുഡിന് നഷ്ടമായി. തുടർന്ന് അമ്പയർമാർ കൂടിയാലോചന നടത്തിയെങ്കിലും ഇംഗ്ലണ്ട് അപ്പീൽ നൽകാത്തതിനാൽ വെയ്ഡിനെ ബാറ്റിങ് തുടരാൻ അനുവദിക്കുകയായിരുന്നു.
 
അതേസമയം എന്തുകൊണ്ട് അപ്പീൽ നൽകിയില്ല എന്നതിന് ഇംഗ്ലണ്ട് നായകനായ ജോസ് ബട്ട്‌ലർ നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു. എൻ്റെ ശ്രദ്ധ മുഴുവൻ പന്തിലായിരുന്നു. അവിടെ എന്ത് സംഭവിച്ചെന്ന് എനിക്ക് ഉറപ്പില്ല. അപ്പീൽ നൽകണോ എന്ന് അമ്പയർമാർ ചോദിച്ചു. ഓസീസിൽ കുറച്ചുകാലം തുടരേണ്ടതുണ്ട്. അതിനാൽ ട്രിപ്പിൻ്റെ തുടക്കത്തിൽ തന്നെ റിസ്ക് എടുക്കേണ്ടെന്ന് കരുതി ബട്ട്‌ലർ പറഞ്ഞു. ലോകകപ്പിലെ ഒരു മത്സരത്തിലായിരുന്നു വെയ്ഡ് ഇത് ചെയ്തതെങ്കിൽ തീർച്ചയായും അപ്പീൽ ചെയ്യുമായിരുന്നുവെന്നും ബട്ട്‌ലർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article