ബുമ്രയെ ഇന്ത്യ കരിമ്പിൻ ചണ്ടി പോലെയാക്കി ഉപേക്ഷിച്ചു, പരിക്ക് പറ്റിയതിൽ അത്ഭുതമില്ല, അവനില്ലെങ്കിൽ അഞ്ച് ടെസ്റ്റിലും പൊട്ടിയേനെ: ഹർഭജൻ സിംഗ്

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2025 (14:02 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ അമിതജോലിഭാരത്തെ തുടര്‍ന്ന് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. അമിതമായ ജോലി ഭാരം കാരണം പുറംവേദന അനുഭവപ്പെട്ട ബുമ്ര പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ പന്തെറിഞ്ഞിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഫെബ്രുവരിയില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ബുമ്രയുടെ പരിക്ക്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ 32 വിക്കറ്റുകളുമായി പരമ്പരയിലെ താരമായെങ്കിലും പരമ്പരയില്‍ 3-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
 
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 150ന് മുകളില്‍ ഓവറുകളാണ് ബുമ്ര പന്തെറിഞ്ഞത്. ഇതോടെയാണ് ബുമ്രയെ ഇന്ത്യ കരിമ്പിന്‍ ചണ്ടിയാക്കി വലിച്ചെറിഞ്ഞെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍സിംഗ് രംഗത്ത് വന്നത്. കരിമ്പിന്‍ ജ്യൂസ് പിഴിഞ്ഞെടുക്കുന്നത് പോലെയാണ് ഇന്ത്യ ബുമ്രയെ ഉപയോഗിച്ചത്. ഹെഡ് ബാറ്റ് ചെയ്യാന്‍ വന്നിട്ടുണ്ടോ പന്ത് ബുമ്രയ്ക്ക് കൊടുക്ക്, മാര്‍നസ് വന്നു, ബുമ്ര പന്തെറിയട്ടെ, സ്മിത്തിനെതിരെ ബുമ്ര.. എത്ര ഓവറുകളാണ് ഒരാള്‍ക്ക് എറിയാാനാവുക. അവസാനം പന്തെറിയാന്‍ പറ്റാത്ത അവസ്ഥയിലെത്തി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ സിഡ്‌നിയില്‍ ഓസീസ് വിജയിക്കുമെങ്കില്‍ കൂടിയും 8 വിക്കറ്റുകളെങ്കിലും വീഴ്ത്തിയേനെ. മാനേജ്‌മെന്റിന് ഒരു താരത്തിന് എത്ര ജോലി കൊടുക്കാം എന്നതിനെ പറ്റി ഒരു ധാരണയുമില്ല. ഹര്‍ഭജന്‍ പറഞ്ഞു.
 
 അതേസമയം താരത്തിന്റെ പരിക്കിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ താരം കളിക്കില്ലെന്നാണ് സൂചന. ഗ്രേഡ് 1ല്‍ നില്‍ക്കുന്ന പരിക്കുകള്‍ക്ക് 2-3 ആഴ്ച വരെയാണ് വിശ്രമം ആവശ്യമായുള്ളത്. ഗ്രേഡ് 2 പരിക്കിന് ആറാഴ്ചക്കാലവും ഗ്രേഡ് 3 പരിക്കിന് 3 മാസവും വിശ്രമം വേണ്ടിവരും. ഇതില്‍ ഗ്രേഡ് 1ന് മുകളിലുള്ള പരിക്കാണ് താരത്തിനെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുമ്രയില്ലാതെയാകും ഇന്ത്യ കളിക്കാനിറങ്ങുക. ജനുവരി 22ന് തുടങ്ങുന്ന ടി20 പരമ്പരയോടെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആാരംഭിക്കുക. 3 ഏകദിനമത്സരങ്ങളും ഇതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി കളിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article