ശക്തമായ പുറംവേദനയുണ്ട്; ബുംറ നാളെ ബാറ്റ് ചെയ്യും, ബൗളിങ്ങിന്റെ കാര്യത്തില്‍ ആശങ്ക !

രേണുക വേണു

ശനി, 4 ജനുവരി 2025 (15:58 IST)
സിഡ്‌നി ടെസ്റ്റിനിടെ പരുക്കേറ്റ ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ ജസ്പ്രിത് ബുംറ നാളെ ബാറ്റ് ചെയ്യാന്‍ ഇറങ്ങും. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒരു വിക്കറ്റ് കൂടി നഷ്ടമായാല്‍ ബുംറയാണ് ഇനി ബാറ്റ് ചെയ്യാനെത്തേണ്ടത്. 
 
ബാറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും ബുംറയ്ക്ക് പന്തെറിയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രണ്ടാം ദിനമായ ഇന്ന് പരുക്കിനെ തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു. ശക്തമായ പുറംവേദനയാണ് ബുംറയ്ക്കുള്ളത്. അത്ര ഗുരുതരമല്ലെങ്കിലും ഏതാനും ദിവസം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 
 
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിന്റെ 31-ാം ഓവറിനു ശേഷമാണ് ബുംറ ഗ്രൗണ്ട് വിട്ടത്. പിന്നീട് 20 ഓവര്‍ കൂടി ഓസ്ട്രേലിയ കളിച്ചെങ്കിലും ഒരോവര്‍ പോലും ബുംറയ്ക്ക് എറിയാന്‍ സാധിച്ചില്ല. മാത്രമല്ല താരം ഫീല്‍ഡിലും ഇല്ലായിരുന്നു. ടീം ഡോക്ടര്‍ക്കൊപ്പം ബുംറ സിഡ്നി സ്റ്റേഡിയത്തില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തെ സ്‌കാനിങ് വിധേയനാക്കി. ഒന്നാം ഇന്നിങ്സില്‍ 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍