ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്തേക്ക്; ഇനി പൃഥ്വി ഷാ പരീക്ഷണം !

Webdunia
ബുധന്‍, 1 ഫെബ്രുവരി 2023 (09:22 IST)
ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്ക്. തുടര്‍ച്ചയായി ട്വന്റി 20 മത്സരങ്ങളില്‍ പരാജയപ്പെടുന്നതിനാലാണ് താരത്തെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 32 പന്തില്‍ നിന്ന് വെറും 19 റണ്‍സാണ് ഇഷാന്‍ കിഷന്റെ നേട്ടം. ഇതിനു മുന്‍പത്തെ മൂന്ന് ഇന്നിങ്സുകളില്‍ തുടര്‍ച്ചയായി ഒറ്റ അക്കത്തിനു പുറത്താകുകയും ചെയ്തു. 
 
ഇന്ത്യക്കായി അവസാനം കളിച്ച 13 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 198 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയിരിക്കുന്നത്. ഒരു അര്‍ധ സെഞ്ചുറി പോലുമില്ല. 37 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പവര്‍പ്ലേയില്‍ വളരെ സാവധാനമാണ് ഇഷാന്‍ റണ്‍സ് കണ്ടെത്തുന്നത്. പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ സാധിക്കാത്ത ഇഷാന്‍ കിഷന്‍ ഇന്ത്യക്ക് ബാധ്യതയാകുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. 
 
പൃഥ്വി ഷാ, സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങള്‍ പുറത്ത് അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുമ്പോള്‍ ഇനിയും എന്തിനാണ് ഇഷാന്‍ കിഷന് അവസരം നല്‍കുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇഷാന്‍ കിഷന് പകരം പൃഥ്വി ഷായ്ക്കായിരിക്കും ഇനിവരുന്ന മത്സരങ്ങളില്‍ അവസരം ലഭിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article