കോഹ്‌ലിയുടെ പിന്‍‌ഗാമി ആളൊരു ജഗ‘ഗില്ലി’ ?; ചരിത്രമറിഞ്ഞാല്‍ ഞെട്ടില്ല, പക്ഷേ ത്രില്ലടിപ്പിക്കും!!

Webdunia
ചൊവ്വ, 29 ജനുവരി 2019 (17:11 IST)
പകരക്കാരനെ കണ്ടെത്തി ഒരടി പുറകോട്ട് മാറുകയെന്ന രീതിക്ക് തുടക്കമിട്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദയെന്നറിയപ്പെടുന്ന സൌരവ് ഗാംഗുലിയാണ്. 2007ഏകദിന ലോകകപ്പിലെ തിരിച്ചടി ഇന്ത്യന്‍ ടീമിനെ ചെറുതല്ലാതെ വേദനിപ്പിച്ചു. ഇതോടെ ആ വര്‍ഷം നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പില്‍ നിന്ന് ഗാംഗുലിയും സച്ചിനുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പിന്‍‌വാങ്ങി.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പ്രാപ്‌തിയുള്ള താരം ആരെന്ന ചോദ്യം ടീമിലും മാനേജ്‌മെന്റിലും ചര്‍ച്ചയായി. യുവരാജ് സിംഗ് എന്ന പോരാളി ക്യാപ്‌റ്റന്‍ സ്ഥാനത്ത് എത്തുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായ സച്ചിന്റെ ഇടപെടല്‍ നായകന്റെ കുപ്പായം ധോണിക്ക് നേടിക്കൊടുത്തു.

അവിടെ തുടങ്ങിയ ധോണി യുഗം ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. തുടര്‍ന്നിങ്ങോട്ട് രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും, ടെസ്‌റ്റിലെ ഒന്നാം റാങ്കുമെല്ലാം ധോണിയുടെ ടീം സ്വന്തമാക്കി. തനിക്ക് പറ്റിയ പിന്‍‌ഗാമി വിരാട് കോഹ്‌ലിയാണെന്ന തിരിച്ചറിവ് നായകന്റെ വേഷം അഴിച്ചു വെക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ടെസ്‌റ്റ് - ഏകദിന മത്സരങ്ങളിലെ കോഹ്‌ലിയുടെ അസാമാന്യ പ്രകടനം ധോണിയെ അതിശയിപ്പിച്ചിരുന്നു. നായകസ്ഥാനം വിരാട് ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ടീം ഇരട്ടി ശക്തിയുള്ള താരങ്ങളുടെ കൂട്ടമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നേട്ടങ്ങള്‍ അതിനുള്ള തെളിവാണ്.

എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ കോഹ്‌ലി നടത്തിയ ഒരു പ്രസ്‌താവനയാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. വിരാടിന്റെ അഭാവം ടീമിനെ ബാധിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭ്മാൻ ഗില്ലിനെ പുകഴ്ത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

പകരം വയ്‌ക്കാനില്ലാത്ത താരങ്ങളാണ് ഇപ്പോള്‍ കൂടെയുള്ളതെന്നും എന്റെ കുറവ് നികത്താന്‍ പൃഥ്വി ഷായും ഗില്ലും ഉണ്ടെന്നുമായിരുന്നു ക്യാപ്‌റ്റന്റെ വാക്കുകള്‍. 19 വയസ്സുണ്ടായിരുന്നപ്പോൾ ഗില്ലിന്റെ 10 ശതമാനം മികവ് തനിക്കുണ്ടായിരുന്നില്ലെന്നും അത്രയ്‌ക്കും മികവുണ്ട് അവനെന്നുമായിരുന്നു കോഹ്‌ലി പറഞ്ഞത്. ഇതോടെയാണ് കോഹ്‌ലിയുടെ പിന്‍‌ഗാമി ഗില്‍ ആകുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്.

കോഹ്‌‌ലിയോളം വരില്ലെങ്കിലും ഒപ്പം നിര്‍ത്താന്‍ സാധിക്കുന്ന താരമാണ് ഗില്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. പതിനാലാം വയസില്‍ അന്തര്‍ ജില്ലാ ടൂര്‍ണമെന്റില്‍ 351 റണ്‍സ് നേടി ശുഭ്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് ഓപ്പണിംഗ് വിക്കറ്റില്‍ നിര്‍മല്‍ സിംഗുമായി ചേര്‍ന്ന് 587 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ശുഭ്മാന്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യ എ ടീമിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയും യുവതാരം പുറത്തെടുത്ത പ്രകടനം ആരെയും അതിശയിപ്പിക്കും. ക്രീസില്‍ എത്രനേരം നിന്നും വലിയ സ്‌കോര്‍ കണ്ടെത്താനുള്ള ശുഭ്മാന്റെ കഴിവ് അപാരമാണ്. ചിലപ്പോള്‍ ദ്രാവിഡിനെ പോലെയും കോഹ്‌ലിയെ പോലെയും ബാറ്റ് ചെയ്യും.

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് ഗില്ലായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടുകയും ചെയ്‌തു. എതിരാളികളെ ബാറ്റ് കൊണ്ടും വാക്ക് കൊണ്ടും കടന്നാക്രമിക്കുന്ന കോഹ്‌ലിയുടെ സ്വഭാവം ഈ പഞ്ചാബുകാരനുമുണ്ട്.

ഈ നേട്ടങ്ങളാണ് ഗില്ലിലേക്ക് സെലക്‍ടര്‍മാരെ എത്തിച്ചത്. രോഹിത് ശര്‍മ്മ - ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് പിന്നിലായി റിസര്‍വ് ഓപ്പണറായിട്ടാണ് ഗില്ലിനെ മാനേജ്‌മെന്റ് പരിഗണിക്കുന്നത്. വേണ്ടിവന്നാല്‍ കോഹ്‌ലിയുടെ സ്ഥാനത്തും ഇറക്കാവുന്ന താരം. വിരാടിന്റെ ശക്തമായ പിന്തുണയും ഇതിനുണ്ട്.

2019 ലോകകപ്പിനു ശേഷം ടീമില്‍ അഴിച്ചു പണികളുണ്ടാകും. ധോണിയടക്കമുള്ള താരങ്ങള്‍ പടിയിറങ്ങും. ഇതോടെ ഗില്‍ ടീമിലെ സ്ഥിരം താരമാകും. ധോണി ക്യാപ്‌റ്റന്‍ സ്ഥാനം കോഹ്‌ലിക്ക് കൈമാറിയത് പോലെ മറ്റൊരു നിമിഷവും വരും കാലങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ കാണും.

അനുബന്ധ വാര്‍ത്തകള്‍

Next Article