വാതുവെപ്പുകേസില്‍ ആരോപണ വിധേയനായ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു.
നവംബര്‍ അഞ്ചിന് സുന്ദര്‍രാമന്‍ ബിസിസിഐ ഓഫീസ് വിടും. ഇദ്ദേഹത്തിന്റെ രാജി ബിസിസിഐ അംഗീകരിച്ചു. സുന്ദര്‍രാന്റെ നടപടികളെ ലോധ കമ്മീഷന്‍ വിമര്‍ശിക്കുകയും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
ഐപിഎല്‍ അഴിമതിക്കേസ്സ് അന്വേഷിച്ച മുന്‍ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗസമിതി സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ടിലും രാമനെതിരേ ശക്തമായ വിമര്‍ശനമുണ്ടായിരുന്നു.
സുന്ദര്‍രാമന്‍ വാതുവെപ്പുകാരുടെ പരിചയക്കാരനെ എട്ടുതവണ ഒരു സീസണില്‍ത്തന്നെ ബന്ധപ്പെട്ടിരുന്നതിന് തെളിവു ലഭിച്ചിരുന്നു. മെയ്യപ്പന്റെയും രാജ് കുന്ദ്രയുടെയും വാതുവയ്പ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിനറിയാമെന്നും ആരോപണമുണ്ട്. 2013 ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ സുന്ദര്‍ രാമനെ സിഒഒ സ്ഥാനത്ത് ഇരുത്തുന്നതിനെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വിമര്‍ശിച്ചിരുന്നു.