തെരുവിലും താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ബുധന്‍, 13 നവം‌ബര്‍ 2019 (16:33 IST)
ഇന്ത്യൻ നായകൻ വിരാട് കോലി ഇൻഡോറിലെ തെരുവുകളിൽ ക്രിക്കറ്റ് കളിക്കുന്നതായുള്ള രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ബി സി സി ഐ വിശ്രമം അനുവദിച്ചതിനെ തുടർന്ന് ബംഗ്ലാദേശിനെതിരായ ടി20 മത്സരങ്ങൾക്ക് കോലി കളത്തിലിറങ്ങിയിരുന്നില്ല.
ഇതിനെ തുടർന്ന് ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനായ കോലിയും സ്റ്റാർ ബൗളർ ബുംറയും ഇല്ലാതെയാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ  രോഹിത്തിന്റെ നേതൃത്വത്തിൽ  ഇന്ത്യ കളിക്കാൻ ഇറങ്ങിയത്.
 
ഇപ്പോൾ വിശ്രമത്തിന് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി ടീമിൽ തിരികെ എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ. തന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം ടീമിലെത്തിയ കോലി പക്ഷേ പരിശീലനം തുടങ്ങിയത് ഇൻഡോറിലെ തെരുവിലെ കുട്ടികൾക്കൊപ്പമാണ്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
 
ഒരു ഷർട്ടും ജീൻസ് പാന്റ്സും ധരിച്ച് ഒരു ഷൂട്ടിനായി ഇൻഡോറിലെ ബിച്ചോളി മർധാന ഭാഗത്ത് എത്തിയ താരം ഷൂട്ടിന്റെ ഇടവേളയിൽ ഒരൽപ്പനേരം അവിടത്തെ കുട്ടികൾക്കൊപ്പം കളിക്കുവാൻ സമയം കണ്ടെത്തുകയായിരുന്നു. 
 
നേരത്തെ പിറന്നാൾ ആഘോഷങ്ങൾക്കായി ഭൂട്ടാനിലേക്ക് പോയ കോലിയുടെയും അനുഷ്കയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭൂട്ടാനിൽ എത്തിയ കോലിയേയും അനുഷ്കയേയും ഭൂട്ടാനിലെ സാധാരണക്കാർ തിരിച്ചറിഞില്ലെന്നും അവരുടെ സ്വീകരണം മനസ്സിൽ തട്ടിയെന്നും അനുഷ്ക ചിത്രങ്ങളോടെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍